ചേവായൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സുന്നി പ്രവര്‍ത്തകനുമായ ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരണവുമായി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. സംഭവത്തില്‍ അതിയായ ദുഃഖമുണ്ടെന്നും തെറ്റുകാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂര്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ സ്‌കൂള്‍ പറമ്പത്ത് വീട്ടില്‍ ശുഹൈബിനെ ഒരു സംഘം ഇന്നലെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. വാഗണര്‍ കാറിലെത്തിയ നാലംഗ സംഘം തട്ടുകടയില്‍ ഇരുന്ന ഇയാളെയും സുഹൃത്തുക്കളെയും ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ശുഹൈബിന്റെ സുഹൃത്തുക്കളായ നാല് പേര്‍ക്കും ഗുരുതര പരിക്കേറ്റു. ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം ശുഹൈബിനെ ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയത് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍ എംഎല്‍എ ആരോപിച്ചു. ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കലക്ടറേറ്റിന് മുന്നില്‍ നടത്തുന്ന 24 മണിക്കൂര്‍ ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു സതീശന്‍.