സജീവ സുന്നീ പ്രവര്‍ത്തകനും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ശുഹൈബ് കണ്ണൂരില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ല്യാരോ മറ്റും സംഘടനാ നേതാക്കളോ പ്രതികരിക്കാത്തതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം മുറുകുന്നു. അതേസമയം കോണ്‍ഗ്രസ്സ് നേതാക്കള്‍ ഷുഹൈബിന് അന്ത്യാഞ്ചലി അര്‍പ്പിച്ചും ശക്തമായ പ്രതികരണം നടത്തിയും രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ള നേതാക്കളുടെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് കെ. സുധാകരന്‍ കണ്ണൂരില്‍ആരോപിച്ചു.
എ.പി സുന്നി വിഭാഗത്തിന്റെ കീഴിലുള്ള എസ്.എസ്.എഫിന്റെ യും എസ്.വൈ.എസിന്റെയും പ്രവര്‍ത്തനങ്ങളിലും ‘സാന്ത്വനം’ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിദ്ധ്യമായിരുന്നു തിങ്കളാഴ്ച രാത്രി എടയന്നൂര്‍ തെരൂരില്‍ കൊല്ലപ്പെട്ട ഷുഹൈബ്. കൊലപാതകത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ പറഞ്ഞു.
കാരന്തൂര്‍ മര്‍കസ് വാര്‍ഷിക സമ്മേളനത്തില്‍ കോടിയേരി ബാലകൃഷണനടക്കമുള്ള സി.പി.എം നേതാക്കള്‍ പങ്കെടുത്ത് കാന്തപുരം സുന്നി വിഭാഗത്തിന് എല്ലാവിധ സംരക്ഷണവും നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അണികളുടെ ജീവന്‍ ബലി നല്‍കപ്പെട്ടിട്ടും നേതാക്കള്‍ പ്രതികരിക്കാത്തതില്‍ പ്രതിഷേധിച്ച് കൊണ്ട് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റുകള്‍ നിറയുന്നുണ്ട്.
Be the first to write a comment.