Culture

ഷുഹൈബ് വധം രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍; അറസ്റ്റ് വൈകിട്ടോടെ

By chandrika

February 18, 2018

 

കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പൊലീസ് കസ്റ്റഡയിലെടുത്തു. സിപിഎം പ്രവര്‍ത്തകരെയാണ് ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ നേരിട്ട് ബന്ധമുളളവരാണ് ഇവരെന്നാണ് വിവരം. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊന്ന കേസിലെ പ്രതികളാണിവരെന്ന് റിപ്പോര്‍ട്ടുണ്ട്.

കേസില്‍ ആറ് പേരെ പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. ഇതോടെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തവരുടെ എണ്ണം എട്ടായി. ഇന്നലെ കസ്റ്റഡിയിലെടുത്തവരില്‍ നിന്ന് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചെന്നാണ് സൂചന. അതേസമയം കൊലപാത കത്തില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

കൊലയാളികള്‍ക്കായുള്ള തെരച്ചില്‍ വ്യാപകമാക്കിയതിനിടെ മുടക്കോഴി മലയിലും മുഴക്കുന്ന് ഭാഗങ്ങളിലും പൊലീസ് ഇന്നലെ അരിച്ചുപെറുക്കി. ജില്ലാ പൊലീസ് ചീഫ് ജി. ശിവവിക്രമിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളില്‍ ചിലര്‍ ഒളിവില്‍ കഴിഞ്ഞിരുന്നത് ഈ ഭാഗങ്ങളിലായിരുന്നു. .