ശുഐബുല്‍ ഹൈത്തമി

നവോത്ഥാന മതിലെന്ന പേരിൽ ഇടതുപക്ഷം കൊണ്ടുവരുന്ന നിയോ ഫീമെയിൽ ഹിന്ദുത്വയുടെ ഉളള് പൊള്ളത്തരം സ്വയം ബോധ്യപ്പെട്ട ചില ഭോഷ്ക്കന്മാർ , നേരിട്ട് വിഷയത്തിലിടപെടാതെ നേരെയുയർന്ന ചോദ്യത്തിന് മാന്യമായ മറുപടിപറഞ്ഞൊഴിഞ്ഞ അഭിവന്ദ്യരായ സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ അധ്യക്ഷന് നേരെ ആക്രോശപ്പെടുന്നത് നീതീകരിക്കാനാവില്ല. കേരളത്തിലെ മുസ്ലിം ജനസാമാന്യത്തിലെ മൂന്നിൽ രണ്ടായ സുന്നികൾ പ്രവാചകപൗത്രന്മാർ എന്ന പദവി നൽകി ആദരിക്കുന്ന വിഭാഗത്തിലെ തലമുതിർന്ന അംഗം കൂടിയായ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെ വ്യക്തിപരമായ വംശീയാക്ഷേപങ്ങൾ നടത്തിയവരെ നിയമപരമായി കൈകാര്യം ചെയ്യണം എന്നാണ് എന്റെ അഭിപ്രായം.

ഇടതുപക്ഷത്തിനും കമ്മ്യൂണിസത്തിനും സോഷ്യൽ ഇഷ്യുകളിൽ പൊളിറ്റിക്കൽ കറക്‌ട്നസ് പൂർണ്ണമായും നഷ്ടപ്പെട്ടതിന്റെ മറ്റൊരു രേഖയാണീ സംഭവം. വിജാതീയ മാനവികത എന്ന കാപട്യം നിരന്തരം പറഞ്ഞ് ജാതിപ്രീണനവും വംശീയ വിഭാഗീകരണവും ഏറ്റെടുത്ത് നടത്തുന്ന അൾടിമേറ്റ് ഓക്സിമറോൺ തന്നെയാണീ കാണുന്ന മതിലുകെട്ടുകൾ. ഈ പെണ്മതിലിനോട് സഹകരിക്കാത്തവരെ അപരവൽക്കരിക്കുമ്പോൾ തന്നെ ന്യൂനപക്ഷങ്ങളെ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു ! സ്ത്രീമതിലിനെ എതിർത്തുവെന്ന് പറഞ്ഞ് തങ്ങൾക്കെതിരെ ഉറയുന്നവരോട് ഒന്ന് ചോദിക്കട്ടെ , ഇനി അദ്ദേഹം മുസ്ലിംകളെയും ക്രിസ്ത്യാനികളെയും അവഗണിച്ച മതിലിൽ ഞങ്ങളില്ല എന്നായിരുന്നു പറഞ്ഞതെങ്കിൽ നിങ്ങളെന്ത് അഞ്ഞാപിഞ്ഞാ മറുപടിയാണ് തരിക. ഒരേ സമയം ബഹിശ്ക്കരിക്കുകയും പങ്കെടുക്കാത്തതിന് കുറ്റം പറയുകയും ചെയ്യുന്ന മാപ്പിളസംഘാവുമാരുടെ വരട്ടുചൊറി മാന്തിത്തരാൻ വേറെ ആളുകളെ നോക്ക്.

പക്ഷെ ,ഇവിടെ അദ്ദേഹം മതിലിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. അത്തരം അനർത്ഥങ്ങളിൽ ഇടപെട്ട് സംസാരിക്കുന്നതിനേക്കാൾ കുലീനനും സാത്വികനുമാണ് അദ്ദേഹം. അദ്ദേഹം നിൽക്കുന്ന റിലീജിയസ് ഫ്രയിമിലെ സ്ത്രീപക്ഷം പറഞ്ഞ് വിഷയം ഒഴിവാക്കിയത് അദ്ദേഹത്തിന്റെ കടമയാണ് ,മാന്യതയാണ്. നിയമസഭയിൽ ഡോ എം കെ മുനീർ മുസ്ലിം രാഷ്ട്രീയക്കോണിൽ നിന്ന് മനസുകൾക്കിടയിൽ ഭിത്തി പണിയുന്നതിനെതിരെ പറഞ്ഞത് പോലെ ഇസ്ലാമിന്റെ താത്വിക മാനത്തിൽ ആ മതിൽ മറിച്ചിടാൻ നന്നായറിയുന്ന ആൾ തന്നെയാണ് ബഹു: തങ്ങൾ. അദ്ദേഹം നേതൃത്വം കൊടുക്കുന്ന ജനവിഭാഗത്തിലെ സ്ത്രീകൾ കമ്മ്യൂണിസത്തെ വിശ്വാസപരമായി തിരസ്ക്കരിക്കുന്നവരാണെന്ന് ഇന്നാട്ടിലെ ഏത് സി പി എമ്മുകാരനും നന്നായറിയാം. മാത്രമല്ല , കുറേയൊക്കെ പൊതുസ്ട്രീമിൽ ഇടപെടുന്ന വിവിധ മുസ്ലിം വനിതാ രാഷ്ട്രീയ നേതാക്കൾ പോലും ഈ മതിലിനെതിരാണ് . അതായത് ,തങ്ങളുടെ പ്രസ്താവന മൂലം മതിലിൽ വരാൻ കരുതിയ ഏതേലും സ്ത്രീ വരാതായാൽ അപ്പോൾ സഭ്യമായ രാഷ്ടീയ വിമർശനത്തിന് പഴുതുണ്ട്. ഇതിവിടെ പതിവ് മുസ്ലിം വിരുദ്ധതയുടെ പുതിയ ഇനം മാത്രമാണ്.

സമസ്ത ജന .സെക്രട്ടറിക്കെതിരെ കഴിഞ്ഞമാസം മുതിർന്ന മാപ്പിളസഖാവ് അസഹിഷ്ണുത പൂണ്ടു. ഇപ്പോൾ ശിഷ്യർ കുറച്ചധികം മൂത്തു. പക്ഷെ ,കേരളത്തിലെ മുസ്ലിം സാമൂഹിക വ്യവഹാരങ്ങളുടെ മതപരമായ വിധിയും വിധവും തീരുമാനിക്കുന്നത് ആരൊക്കെയാണെന്ന പൊതുസമൂഹത്തിന്റെ തിരിച്ചറിവാണ് ഈ അസഹിഷ്ണുതയുടെ പ്രേരണ. അതിനാൽ ഇത്തരം വിമർശനങ്ങൾ അതിന്റെ മൂല്യത്തിലും മൂല്യരാഹിത്യത്തിലും ഉൾക്കൊള്ളാൻ അവരുടെ അനുയായികൾക്ക് സാധിക്കും , പക്ഷെ അവനവൻ വീട്ടുകാരോട് പറയുന്ന ഭാഷയാവരുത് നാട്ടുകാരോട് പറയുമ്പോൾ എന്ന് മാത്രം .