തിരുവനന്തപുരം: ജീവിതകാലം മുഴുവന്‍ സാമൂഹ്യസേവനത്തിന് മാറ്റിവച്ച ശ്യാമളാദേവിയുടെ മക്കള്‍ മരണാനന്തരം അമ്മയുടെ അവയവങ്ങള്‍ ദാനം ചെയ്ത് മറ്റൊരു വേറിട്ട സാമൂഹ്യപ്രവര്‍ത്തനത്തിന് മാതൃകയായി. പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളിലും വൃദ്ധസദനങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവ സാന്നിദ്ധ്യമായിരുന്ന പെരുന്താന്നി ടി സി 36/1104 (4) കണ്വാശ്രമത്തില്‍ ശ്യാമളാദേവിയമ്മ (67)യുടെ അവയവങ്ങളാണ് മസ്തിഷ്‌കമരണാനന്തരം ദാനം ചെയ്തത്. തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച മസ്തിഷ്‌കമരണം സ്ഥിരീകരിക്കുകയും കരള്‍, ത്വക്ക്, നേത്രപടലം എന്നിവ ദാനം ചെയ്യുകയുമായിരുന്നു.

തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന നിരവധി സാമൂഹ്യപ്രവര്‍ത്തന പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് ശ്യാമളാദേവിയമ്മ പ്രവര്‍ത്തിച്ചുവരികയായിരുന്നു. നേരത്തേ തന്നെ അവയവദാന പത്രത്തില്‍ ഒപ്പുവച്ചിട്ടുള്ള ശ്യാമളാദേവിയമ്മയുടെ ബന്ധുക്കള്‍ കൂടി അവയവദാനത്തിന് സമ്മതം പ്രകടിപ്പിക്കുകയും അവയവങ്ങള്‍ ദാനം ചെയ്യുകയുമായിരുന്നു. കരള്‍ കിംസ് ആശുപത്രിയ്ക്കും ത്വക്ക് സ്‌കിന്‍ ബാങ്കിലും നേത്രപടലം ഗവ. കണ്ണാശുപത്രിയിലേക്കുമാണ് ദാനം ചെയ്തിരിക്കുന്നത്. സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍ നടന്നു. ശ്യമളാദേവിയമ്മയുടെ ബന്ധുക്കള്‍ അവരുടെ കുടുംബ സുഹൃത്ത് കൂടിയായ ശ്രീചിത്രയിലെ ന്യൂറോ സര്‍ജന്‍ ഡോ ഈശ്വറിനെ ബന്ധപ്പെട്ട് അവയവദാനത്തിനുള്ള സന്നദ്ധത അറിയിച്ചു. അദ്ദേഹം കിംസ് ആശുപത്രിയിലെ ട്രാന്‍സ്പ്ലാന്റ് പൊക്യുവര്‍മെന്റ് മാനേജര്‍ ഡോ മുരളീധരനെ വിവരം അറിയിക്കുകയും സംസ്ഥാനസര്‍ക്കാരിന്റെ അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയുടെ നോഡല്‍ ഓഫീസര്‍ ഡോ നോബിള്‍ ഗ്രേഷ്യസുമായി ബന്ധപ്പെട്ട് അവയവദാനപ്രകൃയ പൂര്‍ത്തീകരിക്കുകയുമായിരുന്നു. പരേതനായ ദുഷ്യന്തനാണ് ശ്യാമളാദേവിയമ്മയുടെ ഭര്‍ത്താവ്. മക്കള്‍: ബിജിലി ഗോപകുമാര്‍, ബെന്‍സി ദുഷ്യന്തന്‍, ബിലീന ദുഷ്യന്തന്‍. മരുമക്കള്‍: ഡി ഗോപകുമാര്‍, നിമിഷ ബെന്‍സി.