മലപ്പുറം: മഥുര ജയിലാശുപത്രിയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കാന്‍ മുഖ്യമന്ത്രിയും മനുഷ്യാവകാശ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്ന് മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. നീതി നിഷേധത്തിന് ബലിയാടാവാന്‍ സിദ്ദീഖ് കാപ്പനെ ഇനിയും വിട്ടു കൊടുക്കാനാവില്ലെന്നും മുനവറലി തങ്ങള്‍ പറഞ്ഞു.

സിദ്ദീഖ് കാപ്പന്‍ ആശുപത്രിയില്‍ നേരിടുന്നത് ക്രൂരമായ പീഡനമാണ്. ഭരണകൂട ഭീകരതയുടെ ജീവിച്ചിരിക്കുന്ന പ്രതീകമായി കാപ്പന്‍ മാറിയെന്നും മുനവറലി തങ്ങള്‍ അഭിപ്രായപ്പെട്ടു. നേരത്തെ ജയിലാശുപത്രിയില്‍ കാപ്പന്‍ നരകജീവിതമാണ് നേരിടുന്നതെന്ന ഭാര്യയുടെ വെളിപ്പെടുത്തലോടെയാണ് വിഷയം ചര്‍ച്ചയായത്. ശൗചാലയത്തില്‍ പോലും പോകാന്‍ അനുവദിക്കാതെ കെട്ടിയിട്ടിരിക്കുകയാണെന്നും നാലു ദിവസമായി കാപ്പന്‍ മര്യാദയ്ക്ക് ഭക്ഷണം കഴിച്ചിട്ടില്ലെന്നും ഭാര്യ റെയ്ഹാന വ്യക്തമാക്കിയിരുന്നു.