india

എസ്.ഐ.ആര്‍ ജോലിസമ്മര്‍ദം; ബംഗാളില്‍ ബിഎല്‍ഒ മരണം തുടരുന്നു

By webdesk18

November 22, 2025

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ ചപ്രയില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ (ബിഎല്‍ഒ) റിങ്കു തരഫ്ദാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെ വീട്ടിലെ മുറിയുടെ മേല്‍ക്കൂരയില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. എസ്.ഐ.ആര്‍ ജോലിഭാരവും അതിനാല്‍ ഉണ്ടായ അമിത സമ്മര്‍ദവുമാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.

റിങ്കുവിന്റെ മുറിയില്‍നിന്ന് ഒരു കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

സംഭവത്തെ തുടര്‍ന്ന് സംസ്ഥാന മന്ത്രി ഉജ്ജല്‍ ബിശ്വാസ് മരിച്ച ബിഎല്‍ഒയുടെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. ബംഗാളില്‍ നടന്നു വരുന്ന എസ്.ഐ.ആര്‍ പ്രക്രിയ അടിയന്തരമായി നിര്‍ത്തിവെയ്കണമെന്ന് മുഖ്യമന്ത്രിയായ മമത ബാനര്‍ജി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന് ആവശ്യപ്പെട്ടിരുന്നു. ആസൂത്രിതമല്ലാത്ത രീതിയിലുള്ള ജോലിയും അമിത സമ്മര്‍ദവും ജീവനുപാധി സൃഷ്ടിക്കുന്നുവെന്നും പ്രക്രിയയുടെ വിശ്വാസ്യതയും സുരക്ഷയും തകരാറിലാകുന്നുവെന്നും കത്തില്‍ മമത ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിനിടെ, ജല്‍പായ്ഗുരിയിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവിടെ ഒരു ബിഎല്‍ഒയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശേഷം, എസ്.ഐ.ആര്‍ സംബന്ധമായ അമിത ജോലിസമ്മര്‍ദമാണ് മരണകാരണമെന്ന് കുടുംബം ആരോപിച്ചിരുന്നു. സംസ്ഥാനത്ത് എസ്.ഐ.ആര്‍ പ്രക്രിയയ്ക്കെതിരെ പ്രതിഷേധവും ആശങ്കയും ഉയര്‍ന്നിരിക്കെയാണ് നാദിയയിലെ പുതിയ മരണം.