മുംബൈ: ന്യൂസിലാന്റിനെതിരായ ട്വന്റി 20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മുംബൈ ബാറ്റ്‌സ്മാന്‍ ശ്രേയസ് അയ്യരും ഹൈദരാബാദ് പേസ് ബൗളര്‍ മുഹമ്മദ് സിറാജും ടീമില്‍ ഇടം നേടിയപ്പോള്‍ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവ് പുറത്തായി. ആദ്യ ഏകദിനത്തിനു മാത്രമായി ആശിഷ് നെഹ്‌റയും ടീമിലെത്തിയിട്ടുണ്ട്.

ആഭ്യന്തര രംഗത്തും ഐ.പി.എല്ലിലുമായി വിവിധ ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചതാണ് ശ്രേയസ് അയ്യരെ പരിഗണിക്കാന്‍ കാരണമെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് പറഞ്ഞു. കുറഞ്ഞ കാലം കൊണ്ടുതന്നെ മികച്ച പ്രകടനം നടത്തിയത് സിറാജിനും ഗുണമായി. 2016-17 രഞ്ജി സീസണില്‍ 41 വിക്കറ്റുകളാണ് താരം നേടിയത്. കന്നി ഐ.പി.എല്‍ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി 10 വിക്കറ്റും 23-കാരന്‍ നേടി.

വെറ്ററന്‍ താരം ആശിഷ് നെഹ്‌റയുടെ വിടവാങ്ങല്‍ മത്സരമാവും പരമ്പരയിലെ ആദ്യ മത്സരമെന്നും എം.എസ്.കെ പ്രസാദ് സൂചിപ്പിച്ചു. ഈ മാസാദ്യം, ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച നെഹ്‌റ വിടവാങ്ങല്‍ മത്സരത്തിനായി ആവശ്യപ്പെട്ടിട്ടില്ലെങ്കിലും താരത്തെ ഉള്‍പ്പെടുത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നെഹ്‌റയുടെ ഹോം ഗ്രൗണ്ടായ ഡല്‍ഹി ഫിറോസ് ഷാ കോട്‌ലയില്‍ നവംബര്‍ ഒന്നിനാണ് മൂന്ന് മത്സര പരമ്പര ആരംഭിക്കുന്നത്.

ടീം: വിരാട് കോഹ്ലി (ക്യാപ്ടന്‍), ശിഖര്‍ ധവാന്‍, രോഹിത് ശര്‍മ, ലോകേഷ് രാഹുല്‍, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ദിനേഷ് കാര്‍ത്തിക്, എം.എസ് ധോണി, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, യുജവേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രിത് ബുംറ, മുഹമ്മദ് സിറാജ്, ആശിഷ് നെഹ്‌റ.