പാലക്കാട്: മകന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമാണെന്ന് മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട എം.എസ്.എഫ് പ്രവര്‍ത്തകന്‍ സഫീറിന്റെ പിതാവ് സിറാജുദ്ദീന്‍ പറഞ്ഞു. സി.പി.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘമാണ് കൊലയ്ക്ക് പിന്നില്‍. സി.പി.ഐക്ക് വളരാനുള്ള അവസരം നിഷേധിച്ചതാണ് പ്രകോപനമുണ്ടാക്കിയത്. ഇതിന് മുമ്പും മകനെതിരെ ഇവര്‍ വധഭീഷണി മുഴക്കിയിരുന്നുവെന്നും സിറാജുദ്ദീന്‍ പറഞ്ഞു.

മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറാണ് സിറാജുദ്ദീന്‍. ഈ മാസം 25ന് രാത്രിയാണ് സഫീറിനെ (23) നഗരമധ്യത്തിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ കയറി മൂന്നംഗ സംഘം കുത്തിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസില്‍, നിയമസഭയില്‍ ഉള്‍പ്പെടെ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്.