കൊച്ചി: ഹാദിയ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയെ വെല്ലുവിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ആറ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം എടവനക്കാട് കിഴക്കേ വീട്ടില്‍ മുഹമ്മദ് ഷമീര്‍ (30), ആലുവ നൊച്ചിമ സ്വദേശികളായ കിഴക്കപ്പിള്ളിയില്‍ കെ.എം ലത്തീഫ് (30), ചന്ത്രത്തില്‍ ഹനീഫ ഇസ്മയില്‍ (38), വെങ്ങോല പോഞ്ഞാശ്ശേരി കണ്ണേമ്പിള്ളിയില്‍ നൗഷാദ് സുലൈമാന്‍ (48), മാറിമ്പിള്ളി കൈപ്പൂറ്റിക്കര കൊറ്റോളിയില്‍ അബ്ദുള്‍ അസീസ് (46), ആലുവ എടത്തല കുഞ്ചാട്ടുക്കര തൈക്കണ്ടത്തില്‍ നൗഫല്‍ യൂസുഫ് (46) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനകള്‍ക്കിടെയാണ് ഇവര്‍ പിടിയിലായത്. ഹാദിയയുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് മുസ്‌ലിം ഏകോപന സമിതിയെന്ന പേരില്‍ എസ്.ഡി.പി.ഐ നടത്തിയ ഹൈക്കോടതി മാര്‍ച്ചിലാണ് ഇവര്‍ ഹൈക്കോടതി ജഡ്ജിമാരെ ഭീഷണിപ്പെടുത്തുന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചത്.