ലണ്ടന്‍: ഇന്നലെ നടന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഡി പോരാട്ടത്തില്‍ ബാര്‍സിലോണ ഗ്രീസില്‍ നിന്നുള്ള ഒളിംപിയാക്കസിനെ 3-1ന് തകര്‍ത്തു. പക്ഷേ മല്‍സരത്തിന് ശേഷം വലിയ വാര്‍ത്തയായി വന്നത് ബാര്‍സ സൂപ്പര്‍ താരം ലിയോ മെസി പത്താം മിനുട്ടില്‍ കഴിച്ച ഗുളിക…! തന്റെ സോക്‌സിനുള്ളില്‍ നിന്ന് മെസി എന്തോ എടുക്കുന്നതും അത് വായില്‍ ഇടുന്നതും ടെലിവിഷന്‍ ചിത്രങ്ങളില്‍ കാണാം. ഒരു സ്പാനിഷ് പത്രപ്രവര്‍ത്തകന്‍ അത് റിപ്പോര്‍ട്ട് ചെയ്തു-മെസി കഴിച്ചത് ഗ്ലൂക്കോസ് ഗുളിക…! സൂപ്പര്‍ താരം അങ്ങനെ ഒരു ഗുളിക കഴിച്ചതില്‍ പ്രശ്‌നങ്ങളില്ല. പക്ഷേ സാധാരണ ഗതിയില്‍ മല്‍സരത്തിനിടെ താരങ്ങള്‍ ഈ വിധം ഗുളികള്‍ കഴിക്കാറില്ല. മല്‍സരത്തിന് മുമ്പോ, വാം അപ്പിന് ശേഷമോ ആണ് ഗ്ലൂകോസ് ഗുളികകള്‍ കഴിക്കാറുള്ളത്. തുടര്‍ച്ചയായ മല്‍സരങ്ങള്‍ കാരണം മെസി ക്ഷീണിതനാണ്. യാത്രയും മല്‍സരങ്ങളും താരത്തെ തളര്‍ത്തുമ്പോഴും മുപ്പതുകാരനെ കൂടാതെ ബാര്‍സക്ക് മൈതാനത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. പുതിയ വാര്‍ത്തയില്‍ മെസി പ്രതികരിച്ചില്ല.