ഷിംല: പ്രിയങ്ക ഗാന്ധിയുടെ വേനല്‍ക്കാല വസതി നിര്‍മ്മാണം കാണാനെത്തിയ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി, ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് മടങ്ങി. ബുധനാഴ്ച രാത്രിയാണ് റോഡ് മാര്‍ഗം സോണിയ ഷിംലയിലെത്തിയത്. സോണിയയുടെ നിലവിലെ അവസ്ഥ തൃപ്തികരമാണെന്ന് ആസ്പത്രി സൂപ്രണ്ട് രമേഷ് ചന്ദ് അറിയിച്ചു.

വ്യാഴാഴ്ച രാവിലെ പ്രിയങ്കക്കൊപ്പം വസതിയുടെ നിര്‍മ്മാണം നടക്കുന്ന സ്ഥലത്തെത്തിയപ്പോഴാണ് സോണിയക്ക് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇതേ തുടര്‍ന്ന് സോണിയ ഗാന്ധി വേഗം താമസ സ്ഥലത്തേക്ക് പോയി. ഷിംലയില്‍ നിന്ന് 14 കിലോമീറ്റര്‍ അകലെ ഛരബ്ര വില്ലേജിലാണ് പ്രിയങ്ക ഗാന്ധിയുടെ വേനല്‍ക്കാല വസതി.

സുരക്ഷാ വിഭാഗം ഉടന്‍ തന്നെ ഷിംലയിലെ ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ബന്ധപ്പെട്ട് വൈദ്യസംഘത്തെ എത്തിച്ചു. പ്രഥമ ശുശ്രൂഷക്ക് ശേഷം സോണിയ ഡല്‍ഹിയിലേക്ക് മടങ്ങി. ഷിംലയില്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ വേനല്‍ക്കാല വസതിക്ക് സമീപമാണ് പ്രിയങ്കക്കും കുടുംബത്തിനുമായി പണികഴിപ്പിക്കുന്ന വേനല്‍ക്കാല വസതിയും. കഴിഞ്ഞ ഒക്ടോബറിലും സോണിയ ഇവിടെ വന്നിരുന്നു.