News

ബഹിരാകാശയാത്ര ജീവിതദർശനം മാറ്റി; ഭൂമിയിലെ തർക്കങ്ങൾ അർഥശൂന്യമെന്ന് സുനിത വില്യംസ്

By sreenitha

January 23, 2026

ഡൽഹി: ബഹിരാകാശ പര്യടനം തന്റെ ജീവിതത്തോടുള്ള കാഴ്ചപ്പാട് തന്നെ മാറ്റിയെന്ന് നാസയുടെ മുൻ ബഹിരാകാശ യാത്രിക സുനിത വില്യംസ്. ബഹിരാകാശത്തിൽ നിന്ന് ഭൂമിയെ നോക്കുമ്പോൾ ഭൂമിയും അവിടെ മനുഷ്യർ തമ്മിലുള്ള തർക്കങ്ങളും പോരും എത്രത്തോളം അർഥശൂന്യമാണെന്ന് മനസിലായതായി സുനിത പറഞ്ഞു. നാസയിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഡൽഹിയിൽ ‘ഐസ് ഓൺ സ്റ്റാർസ്, ഫീറ്റ് ഓൺ ഗ്രൗണ്ട്’ എന്ന പേരിൽ നടന്ന സംവാദത്തിലാണ് സുനിതയുടെ പ്രതികരണം.

ബഹിരാകാശത്തുനിന്ന് ഭൂമിയെ കാണുമ്പോൾ നാം താമസിക്കുന്ന ഒരൊറ്റ ഇടമായാണ് ഭൂമിയെ അനുഭവപ്പെടുന്നതെന്ന് സുനിത വില്യംസ് വിശദീകരിച്ചു. അവിടെ രാജ്യങ്ങളുടെ അതിർവരമ്പുകളില്ല; അതിനാൽ തന്നെ മനുഷ്യർ സൃഷ്ടിക്കുന്ന തർക്കങ്ങളുടെ നിസ്സാരത വ്യക്തമായി ബോധ്യപ്പെടുമെന്നും അവൾ പറഞ്ഞു. ഈ അനുഭവം ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറ്റാൻ സഹായിച്ചുവെന്നും സുനിത വ്യക്തമാക്കി.

ഭൂമി വിവിധ കാലാവസ്ഥകളിലൂടെ എങ്ങനെ ജീവിക്കുകയും ചലിക്കുകയും ചെയ്യുന്നുവെന്ന് നേരിൽ കാണാൻ കഴിഞ്ഞതായും സുനിത പറഞ്ഞു. ഓരോ കാലാവസ്ഥയ്ക്കനുസരിച്ച് ഭൂമിയുടെ നിറം മാറുന്നതും, ശീതകാലത്ത് മഞ്ഞുമൂടുന്നതും, സമുദ്രങ്ങളുടെ നിറവ്യത്യാസങ്ങളും താൻ ശ്രദ്ധിച്ചുവെന്ന് അവൾ പറഞ്ഞു. ഈ അനുഭവങ്ങൾ വിവേചനങ്ങളെ അതീതമായി ചിന്തിക്കാൻ തനിക്ക് ഊർജം നൽകിയതായും സുനിത കൂട്ടിച്ചേർത്തു.

ഒരൊറ്റ ഭൂമി പല കാലങ്ങളിൽ മാറുന്നതുപോലെ മനുഷ്യവർഗവും ഒന്നാണെന്നും, കാഴ്ചപ്പാടുകളുടെയും വീക്ഷണകോണുകളുടെയും വ്യത്യാസങ്ങളാണ് മനുഷ്യരെ വേർതിരിക്കുന്നതെന്നും സുനിത വില്യംസ് അഭിപ്രായപ്പെട്ടു.