തിരുവനന്തപുരം: കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ ബില്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടിയെ വിമര്‍ശിച്ച് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തി. നിയമസഭ പാസാക്കിയ ബില്‍ അംഗീകരിക്കേണ്ടത് ഗവര്‍ണറുടെ ചുമതലയാണ്. ബില്‍ തടഞ്ഞുവെച്ച ഗവര്‍ണറുടെ നടപടി സംസ്ഥാനത്ത് അസാധാരണ സാഹചര്യമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. നിയമ വിദഗ്ധരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എം.ബി.ബി.എസ് പ്രവേശനം ക്രമപ്പെടുത്താന്‍ നിയമസഭ പാസാക്കിയ ബില്‍ ഗവര്‍ണര്‍ ഒപ്പിടുകയോ വിശദീകരണം ആവശ്യപ്പെട്ട് തിരിച്ചയക്കുകയോ ചെയ്യാതെ ഗവര്‍ണര്‍ക്കുള്ള പ്രത്യേകാധികാരം ഉപയോഗിച്ച് ബില്‍ വിത്‌ഹെല്‍ഡ് ചെയ്യുന്നതായി ഗവര്‍ണര്‍ നിയമസെക്രട്ടറി രാജ്ഭവനില്‍ വിളിച്ചുവരുത്തി അറിയിക്കുകയായിരുന്നു. ബില്‍ നിലനില്‍ക്കുന്നതല്ലെന്നാണ് ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. ആരോഗ്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ വിയോജനക്കുറിപ്പോടെയാണ് ബില്‍ ഗവര്‍ണര്‍ക്കയച്ചത്.