kerala

ദിലീപിനെ കുറ്റവിമുക്തനാക്കാൻ തയാറാക്കിയ വിധി; വിചാരണ ജഡ്ജിക്കെതിരെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കടുത്ത പരാമര്‍ശങ്ങള്‍

By sreenitha

January 08, 2026

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി നിയമോപദേശത്തിനൊപ്പമുള്ള സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ കുറിപ്പ്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ സംശയ നിഴലിലുള്ള ജഡ്ജി വിധി പറയാന്‍ അര്‍ഹയല്ലെന്നും, എട്ടാം പ്രതിയായ ദിലീപിനെ കുറ്റവിമുക്തനാക്കാന്‍ മുന്‍കൂട്ടി തയാറാക്കിയ വിധിയാണിതെന്നും കുറിപ്പില്‍ ആരോപിക്കുന്നു. ദിലീപിനെതിരെയുള്ള നിര്‍ണായക തെളിവുകള്‍ കോടതി പരിഗണിച്ചില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടുന്നു.

കേസില്‍ ഗൂഢാലോചന തെളിയിക്കാന്‍ സാധിച്ചില്ലെന്ന കാരണത്താല്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, ഒന്നാം പ്രതി മുതല്‍ ആറാം പ്രതി വരെയുള്ളവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി, ഓരോരുത്തര്‍ക്കും 20 വര്‍ഷം കഠിനതടവ് ശിക്ഷ വിധിച്ചു. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി എം. വര്‍ഗീസാണ് ശിക്ഷ വിധിച്ചത്.