Connect with us

kerala

ടി.പി വധക്കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകത, പരോളുകളെല്ലാം അന്വേഷിക്കണം; ഹൈക്കോടതി

ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ ചോദിച്ചു.

Published

on

ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ലഭിച്ച മുഴുവന്‍ പരോളുകളെ കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് ഹൈകോടതി. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്നും പ്രതികള്‍ക്ക് അനുവദിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്നും ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റ്യന്‍ പറഞ്ഞു.

ടി.പി. വധക്കേസില്‍ ഹൈകോടതി ശിക്ഷിച്ച 12ാം പ്രതി ജ്യോതിബാബുവിന്റെ ഭാര്യ പി.ജി. സ്മിത ഭര്‍ത്താവിന് പത്തു ദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു ഹൈകോടതിയുടെ രൂക്ഷവിമര്‍ശനം. ജ്യോതിബാബുവിന്റെ പിതൃസഹോദരന്റെ മരണാനന്തര കര്‍മങ്ങള്‍ക്കായി അടിയന്തര പരോള്‍ ആവശ്യപ്പെട്ടായിരുന്നു ഹരജി.

ടി.പി. വധക്കേസിലെ പ്രതിയാണെന്ന് ഹരജിയില്‍ പ്രത്യേകം പരാമര്‍ശിക്കാത്തതിനെയും കോടതി വിമര്‍ശിച്ചു. മരിച്ചയാള്‍ അടുത്ത ബന്ധുവെന്ന ഗണത്തില്‍ വരാത്തതിനാല്‍ പരോള്‍ അനുവദിക്കാനാകില്ലെന്നും, നിവേദനം പരിഗണിക്കാന്‍ പോലും ജയില്‍ സൂപ്രണ്ടിനോട് ആവശ്യപ്പെടാനാവില്ലെന്നും കോടതി വ്യക്തമാക്കി. അത്തരമൊരു നിര്‍ദേശം കൊടുത്താലുടന്‍ പരോള്‍ അനുവദിക്കാന്‍ മതിയായ സ്വാധീനം നിങ്ങള്‍ക്കുണ്ടെന്നും ഹരജിക്കാരിയോട് കോടതി പറഞ്ഞു.

അതേസമയം, കേസിലെ പ്രതികള്‍ക്ക് അനുവദിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷണം വേണ്ടതാണെന്ന് ചൂണ്ടിക്കാട്ടി കോടതി ഹരജി തള്ളുകയായിരുന്നു. ടി.പി വധക്കേസില്‍ ജ്യോതിബാബുവിനെ വിചാരണ കോടതി വെറുതെ വിട്ടെങ്കിലും അപ്പീലില്‍ ഹൈകോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി

നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നല്‍കിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പില്‍ ആദരാഞ്ജലികളെന്ന് സമദാനി ഫേസ്ബുക്കില്‍ കുറിച്ചു.

Published

on

നടന്‍ മോഹന്‍ലാലിന്റെ മാതാവ് ശാന്തകുമാരിയമ്മയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് ഡോ. എം.പി. അബ്ദുസ്സമദ് സമദാനി എം.പി. നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നല്‍കിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പില്‍ ആദരാഞ്ജലികളെന്ന് സമദാനി ഫേസ്ബുക്കില്‍ കുറിച്ചു.

ശാന്തകുമാരിയമ്മയുടെ വിയോഗം അവരെക്കുറിച്ചുള്ള ധന്യസ്മൃതിയില്‍ വിഷാദം പടര്‍ത്തിയെന്നും, അക്ഷരാര്‍ഥത്തില്‍ മാതൃത്വത്തിന്റെ ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടര്‍ത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞിരിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.

ടി.എന്‍. പ്രതാപനും സുഹൃത്തുക്കളും ചേര്‍ന്ന് സംഘടിപ്പിച്ച അമ്മ സംഗമത്തില്‍ ശാന്തകുമാരിയമ്മക്കൊപ്പം പങ്കെടുത്തതിന്റെ ഓര്‍മകളും കുറിപ്പില്‍ പറയുന്നുണ്ട്. പക്ഷാഘാതത്തെത്തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലിരിക്കെ, ചൊവ്വാഴ്ച ഉച്ചക്ക് എറണാകുളം എളമക്കരയിലെ മോഹന്‍ലാലിന്റെ വീട്ടിലായിരുന്നു അന്ത്യം. മരണസമയത്ത് മോഹന്‍ലാല്‍ ഒപ്പമുണ്ടായിരുന്നു. സംസ്‌കാരം ബുധനാഴ്ച രാവിലെ തിരുവനന്തപുരത്ത്.

 

അബ്ദുസ്സമദ് സമദാനി എം.പിയുടെ കുറിപ്പിന്‍റെ പൂർണ രൂപം;

ഏതൊരു സന്തതിയുടെയും വ്യക്തിത്വസാകല്യവും ജീവിതസാഫല്യവും പ്രഭവം കൊള്ളുന്നതും അത് തിരിച്ചുചെല്ലുന്നതും പിതാവിലേക്കും അതിലുപരി മാതാവിലേക്കുമാണ്. ചില മക്കളുടെ കാര്യത്തിൽ മാതൃത്വത്തിന്റെ ഈ പ്രഭാവം അതി തീവ്രവും അത്യഗാധവുമായിരിക്കും.

പ്രിയങ്കരനായ മോഹൻലാലിന്റെ അമ്മയുടെ വിയോഗം അവരെക്കുറിച്ചുള്ള ധന്യസ്മൃതിയിൽ വിഷാദം പടർത്തി. നാടിന് ഇത്ര സമുന്നതനായൊരു കലാകാരനെ നൽകിയ മാതാവിന്റെ മഹിത വ്യക്തിത്വത്തിന് മുമ്പിൽ ആദരാഞ്ജലികൾ!. മക്കളുടെ സകല നേട്ടങ്ങളും മാതാവിന്റെ മടിത്തട്ടിൽ വീഴുന്ന നക്ഷത്രങ്ങളാകുന്നു. ജീവിതത്തിലും മരണത്തിലും മായ്ക്കാൻ കഴിയാത്ത പൊക്കിൾക്കൊടി ബന്ധത്തിന്റെ സദ്ഫലങ്ങൾ മാത്രമാകുന്നു അതത്രയും.

അവർ രോഗിയായിക്കിടക്കുമ്പോൾ ഒരിക്കൽ കൊച്ചിയിലെ വീട്ടിൽ കാണാൻ പോയിരുന്നു. ഒരു മൗനമന്ത്രം പോലെ മകൻ അമ്മയുടെ കാതിൽ പറഞ്ഞു: “അമ്മേ, കണ്ണു തുറന്നു നോക്കൂ, ആരാണ് വന്നിരിക്കുന്നത്”. എന്നിട്ട് എന്റെ പേര് പറഞ്ഞ് അമ്മയെ വിളിച്ചു. മോഹൻലാൽ എന്ന കലാകാരന്റെ പ്രതിഭയുടെ ആഴം ശ്രേഷ്ഠമായ ഈ മാതൃത്വത്തിന്റെ ആഴത്തിൽ ദർശിക്കുന്നതായിരിക്കും സമുചിതം.

പ്രിയ സ്നേഹിതൻ ടി.എൻ പ്രതാപനും സുഹൃത്തുക്കളും ചേർന്ന് സംഘടിപ്പിച്ച, മലയാളീഹൃദയങ്ങളിൽ മാതൃത്വത്തിന്റെ വികാരസാന്ദ്രത സന്നിവേശിപ്പിച്ച നാട്ടിക സ്നേഹതീരത്തെ അമ്മ സംഗമവും അതിലെ അമ്മ പ്രസംഗവും ഐശ്വര്യവതിയായ ഈ വലിയ അമ്മയോട് അഗാധമാംവിധം ബന്ധപ്പെട്ടിരിക്കുന്നു. അവരാണ് അന്ന് ആ പരിപാടിക്ക് തുടക്കം കുറിച്ചുകൊണ്ട് തിരികൊളുത്തിയത്. ഒരു വലിയ തറവാട്ടമ്മയായി ആ ചടങ്ങിന്റെ മുഴുവൻ ആതിഥേയയെപ്പോലെ അവർ ശോഭിച്ചുനിന്നത് ഒരിക്കലും മറക്കാൻ കഴിയാത്ത ഓർമ്മയാണ്. താൻ അവാർഡ് സ്വീകരിക്കുന്ന പരിപാടികളിൽ പോലും വരാത്ത അമ്മ ഈ ചടങ്ങിന് എത്തിയതിന്റെ പിന്നിലെ മാതൃവികാരത്തെപ്പറ്റി അന്ന് ആ വേദിയിൽ തന്നെ പ്രിയപ്പെട്ട മോഹൻലാൽ സൂചിപ്പിക്കുകയുണ്ടായി.

അക്ഷരാർത്ഥത്തിൽ മാതൃത്വത്തിന്റെ ശോഭയുടെയും ശാന്തിയുടെയും ചൈതന്യം പടർത്തിയാണ് ശാന്തകുമാരിയമ്മ വിടപറഞ്ഞിരിക്കുന്നത്.

Continue Reading

kerala

ഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍

കോണിപ്പടിയിലൂടെ പ്രതിമയുടെ മുകളില്‍ കയറിയ ഇയാള്‍ പ്രതിമയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു.

Published

on

പുനലൂരില്‍ ഗാന്ധി പ്രതിമക്ക് നേരെ മദ്യപിച്ചെത്തിയ യുവാവിന്റെ അതിക്രമം. പുനലൂര്‍ തൂക്കുപാലത്തിന് മുമ്പിലുള്ള ഗാന്ധി പ്രതിമക്ക് നേരെ കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. കോണിപ്പടിയിലൂടെ പ്രതിമയുടെ മുകളില്‍ കയറിയ ഇയാള്‍ പ്രതിമയുടെ മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ പുനലൂര്‍ സ്വദേശിയായ ഹരിലാലിനെ കസ്റ്റഡിയിലെടുത്തു.

നാട്ടുക്കാര്‍ വിവരം അറിയിച്ചതനുസരിച്ച് പുനലൂര്‍ പൊലീസ് എത്തി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ സ്ഥിരം ശല്യക്കാരനാണെന്നും മദ്യപിച്ച് നിരവധി തവണ ഇയാള്‍ പ്രശ്‌നങ്ങളുണ്ടാക്കിയതായും പൊലീസ് പറഞ്ഞു. അതേസമയം, ഗാന്ധിപ്രതിമക്ക് നേരെയുണ്ടായ കയ്യേറ്റത്തില്‍ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നന്നിരുന്നു.

പുനലൂര്‍ ഭാരതമാതാ ഐ.ടി.ഐയുടെ സില്‍വര്‍ ജൂബിലി സ്മാരകമായാണ് ഇവിടെ ഗാന്ധി പ്രതിമ സ്ഥാപിച്ചത്. സംഭവത്തില്‍ ഭാരതമാതാ ഐ.ടി.ഐ അധികൃതരും പൂര്‍വ വിദ്യാര്‍ഥി സംഘടനകളും പ്രതിഷേധിച്ചു.

Continue Reading

kerala

ധര്‍മടം മുന്‍ എംഎല്‍എ കെ.കെ നാരായണന്‍ അന്തരിച്ചു

മുണ്ടലൂര്‍ എല്‍പി സ്‌കൂളില്‍ എന്‍എസ്എസ് കാമ്പില്‍ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Published

on

കണ്ണൂര്‍: ധര്‍മടം മുന്‍ എംഎല്‍എ ആയിരുന്ന കെ.കെ നാരായണന്‍ അന്തരിച്ചു. 77 വയസായിരുന്നു. മുണ്ടലൂര്‍ എല്‍പി സ്‌കൂളില്‍ എന്‍എസ്എസ് കാമ്പില്‍ കുട്ടികളുമായി സംസാരിച്ചിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ധര്‍മ്മടം നിയോജകമണ്ഡലത്തില്‍ 2011-16 കാലത്ത് എംഎല്‍എയായിരുന്നു കെ.കെ നാരായണന്‍. കെ കെ നാരായണന്‍ നിലവില്‍ സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്നു. 2005-2010 കാലത്ത് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നാരായണന്‍ എകെജി ആശുപത്രി പ്രസിഡന്റ് ചുമതലയും വഹിച്ചിട്ടുണ്ട്. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Continue Reading

Trending