ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആര്‍സനലിന്റെ മുറിവില്‍ മുളകരച്ചു തേച്ച് മാഞ്ചസ്റ്റര്‍ സിറ്റി. ഇംഗ്ലീഷ് ലീഗ് കപ്പ് ഫൈനലില്‍ ആര്‍സനലിനെ മൂന്നു ഗോളിന് തകര്‍ത്ത പെപ് ഗ്വാര്‍ഡിയോളയുടെ സംഘം ആര്‍സനലിന്റെ തട്ടകത്തില്‍ നടന്ന പ്രീമിയര്‍ ലീഗ് മത്സരത്തിലും അതാവര്‍ത്തിച്ചു. എമിറേറ്റ്‌സ് സ്‌റ്റേഡിയത്തില്‍ ബെര്‍ണാര്‍ഡോ സില്‍വ, ഡേവിഡ് സില്‍വ, ലിറോയ് സാനെ എന്നിവരാണ് ഇത്തിഹാദ് ടീമിന് വിജയമൊരുക്കിയത്. ഗ്വാര്‍ഡിയോളക്കു കീഴിലെ നൂറാം മത്സരത്തില്‍ മിന്നും വിജയവുമായി സിറ്റി കിരീടത്തോട് ഒരുപടി കൂടി അടുത്തപ്പോള്‍ ആര്‍സനലിന്റെ യൂറോപ്യന്‍ സ്വപ്‌നങ്ങളും കോച്ച് ആര്‍സീന്‍ വെങറുടെ ഭാവിയും തുലാസിലായി.
സീസണിലെ ഏക കിരീട പ്രതീക്ഷയായിരുന്ന ലീഗ് കപ്പ് കഴിഞ്ഞ ഞായറാഴ്ച അടിയറ വെക്കേണ്ടി വന്നതിന് പകരം ചോദിക്കാനുള്ള അവസരമാണ് സ്വന്തം തട്ടകത്തില്‍ ഗണ്ണേഴ്‌സ് നഷ്ടപ്പെടുത്തിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച സിറ്റി 15-ാം മിനുട്ടില്‍ തന്നെ ലീഡെടുത്തു. ഇടതുവിങിലെ വിനാശകാരിയായ ലിറോയ് സാനെ പ്രതിരോധം ഭേദിച്ച് ഓടിക്കയറി നല്‍കിയ പന്ത് അതിമനോഹരമായ ഫിനിഷിലൂടെ ബെര്‍ണാര്‍ഡോ സില്‍വ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. അഞ്ച് പ്രതിരോധക്കാരെ കാഴ്ചക്കാരാക്കി മുന്നേറിയ സാനെ നല്‍കിയ പന്ത് ബോക്‌സിനു പുറത്തു നിയന്ത്രിച്ചു നിര്‍ത്തിയ പോര്‍ച്ചുഗീസ് താരം പ്രതിരോധക്കാര്‍ക്ക് മുകളിലൂടെ വലതു പോസ്റ്റിലേക്ക് നിറയൊഴിച്ചപ്പോള്‍ ഡൈവ് ചെയ്ത പീറ്റര്‍ ചെക്കിന്റെ ഡൈവ് വിഫലമായി.
തുടക്കത്തിലെ ഷോക്കില്‍ നിന്നു രക്ഷപ്പെടാന്‍ ആര്‍സനല്‍ ആക്രമണം ശക്തമാക്കിയെങ്കിലും സിറ്റി കീപ്പര്‍ എഡേഴ്‌സന്റെ മികവ് തിരിച്ചടിയായി. 17-ാം മിനുട്ടില്‍ ഗ്രനിത് ഷാക്കയുടെ ഫ്രീകിക്ക് ഇടത്തേക്ക് ഡൈവ് ചെയ്ത് വിഫലമാക്കിയ ബ്രസീലിയന്‍ കീപ്പര്‍ 23-ാം മിനുട്ടില്‍ ഗോളെന്നുറച്ച ഷോട്ടും തടഞ്ഞിട്ടു. മത്സരം അര മണിക്കൂര്‍ പിന്നിടുംമുമ്പ് സിറ്റി ലീഡുയര്‍ത്തി. ഇത്തവണയും സാനെയുടെ മികവാണ് ഗണ്ണേഴ്‌സിനെ വലച്ചത്. ഇടതുവിങില്‍ നിന്ന് ജര്‍മന്‍ താരം നല്‍കിയ ക്രോസ് ബോക്‌സിന്റെ അതിരില്‍ നിന്ന് സര്‍ജിയോ അഗ്വേറോ മുന്നോട്ടു തള്ളി. പന്ത് സ്വീകരിച്ച ഡേവിഡ് സില്‍വ ക്ലോസ് റേഞ്ചില്‍ നിന്ന് സര്‍വസ്വതന്ത്രനായി തൊടുത്ത ഷോട്ട് തടയാന്‍ ചെക്കിനു കഴിഞ്ഞില്ല.
ആദ്യ രണ്ടു ഗോളുകളിലും നിര്‍ണായക ചരടുവലിച്ച ലിറോയ് സാനെ 33-ാം മിനുട്ടില്‍ സ്‌കോര്‍ ഷീറ്റില്‍ പേരു ചേര്‍ത്തു. വലതുവിങിലൂടെ സിറ്റി നടത്തിയ മുന്നേറ്റത്തിനൊടുവില്‍ കെയ്ല്‍ വാക്കര്‍ ഗോളിന് കുറുകെ നല്‍കിയ പാസില്‍ കാല്‍വെച്ച് ജര്‍മന്‍ താരം പന്ത് വലയിലാക്കുകയായിരുന്നു. 53-ാം മിനുട്ടില്‍ നിക്കോളാസ് ഒറ്റമെന്‍ഡി മിഖതര്‍യാനെ ബോക്‌സില്‍ വീഴ്ത്തിയതിന് ആര്‍സനലിന് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. എന്നാല്‍ ഓബമിയാങിന്റെ കിക്ക് തടഞ്ഞിട്ട എഡേഴ്‌സണ്‍ ആതിഥേയരുടെ തിരിച്ചുവരവിന്റെ അവസാന വാതിലും കൊട്ടിയടച്ചു.
സ്വന്തം ഗ്രൗണ്ടില്‍ ആര്‍സനല്‍ നേരിടുന്ന ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ബുധനാഴ്ച രാത്രിയിലേത്. ഇതിനു മുമ്പ് നാല് തവണ മാത്രമാണ് സ്വന്തം ഗ്രൗണ്ടില്‍ ആര്‍സനല്‍ എതിരില്ലാത്ത മൂന്നു ഗോളിന് തോറ്റത്. 2018-ല്‍ എല്ലാ മത്സരങ്ങളിലുമായി ഏഴ് തോല്‍വികള്‍ ഏറ്റുവാങ്ങിയ ആര്‍സനല്‍, ഈ വര്‍ഷം ഏറ്റവുമധികം മത്സരങ്ങള്‍ തോല്‍ക്കുന്ന പ്രീമിയര്‍ ലീഗ് ടീം എന്ന അപഖ്യാതിയും സ്വന്തം പേരിലാക്കി.
28 റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 24 വിജയങ്ങളോടെ 75 പോയിന്റ് സ്വന്തമായുള്ള മാഞ്ചസ്റ്റര്‍ സിറ്റി പ്രീമിയര്‍ ലീഗ് കിരീടം ഏറെക്കുറെ ഉറപ്പിച്ചു കഴിഞ്ഞു. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് 59 പോയിന്റാണുള്ളത്. ലിവര്‍പൂള്‍ (57), ടോട്ടനം ഹോട്‌സ്പര്‍ (55), ചെല്‍സി (53) ടീമുകളാണ് മൂന്നു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങളില്‍. ആദ്യ നാല് സ്ഥാനക്കാര്‍ക്ക് ചാമ്പ്യന്‍സ് ലീഗിലേക്കും അഞ്ചാം സ്ഥാനക്കാര്‍ക്ക് യൂറോപ്പ ലീഗിലേക്കും യോഗ്യത ലഭിക്കുന്ന ലീഗില്‍ നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ അടുത്ത വര്‍ഷം ആര്‍സനലിന് യൂറോപ്യന്‍ മത്സരങ്ങള്‍ കളിക്കാനുണ്ടാവില്ല. കോച്ച് ആര്‍സീന്‍ വെങറുടെ ഭാവിയും ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്.