പത്തനംതിട്ട: ശബരിമലയില്‍ സി.പി.എം ഗൂഢാലോചന നടത്തുന്നെന്ന് ബി.ജെ.പി പറഞ്ഞത് ശരിയാണെന്ന് തെളിയിക്കപ്പെട്ടുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് പി.എസ് ശ്രീധരന്‍ പിള്ള. ഈ ഭരണകൂടം പ്ലാന്‍ ചെയ്താണ് കാര്യങ്ങള്‍ ചെയ്തത്. ശബരിമലയെ തകര്‍ക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. സമചിത്തതയോടെ ഭക്തര്‍ ഇതിനെ കൈകാര്യം ചെയ്യണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രതിഷേധം ഉണ്ടാവണം. അമര്‍ഷം പൂണ്ട ജനങ്ങള്‍ ഈ കൊലച്ചതിക്ക് എതിരായി ജനാധിപത്യ മാര്‍ഗത്തില്‍ രംഗത്തിറങ്ങണം. ഇതിനെ വിജയിപ്പിക്കാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങാന്‍ ആഹ്വാനം ചെയ്യുകയാണ്. നിയമാനുസൃതമായി മാത്രം പങ്കെടുക്കുക. ഒരിക്കലും സന്ധി ചെയ്യാനാവാത്ത ക്രൂരതയാണ് ഭരണകൂടം ചെയ്തത്. അവരുടെ കൊലച്ചിരി ഓരോ വിശ്വാസിയും മനസ്സില്‍ സൂക്ഷിച്ച് ഇതിനെതിരെ പ്രതികരിക്കണം,’ ശ്രീധരന്‍ പിളള പറഞ്ഞു.

ശക്തമായ പ്രതിഷേധത്തിന് സംഘടനകള്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അവര്‍ മുഖ്യമന്ത്രിയുടെ രാജി തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സര്‍ക്കാരില്‍ നിന്നും ഒരിക്കലും ക്ഷേത്ര വിശ്വാസികള്‍ക്ക് നീതി ലഭിക്കില്ല. വിശ്വാസികളുടെ മനസ്സിനേറ്റ മുറിവ് എപ്പോഴും ഓര്‍ക്കപ്പെടേണ്ടതാണ്. മറ്റ് മതവിശ്വാസികളോടും ഞാന്‍ ഇത് അറിയിക്കുകയാണ്. ഇതുപോലെയാണ് സിപിഎം വിശ്വാസത്തെ തകര്‍ക്കുകയെന്ന് മറ്റുളളവര്‍ മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.