തിരുവനന്തപുരം: ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പ് ലഭിച്ചതായി റിപ്പോര്‍ട്ട്. സി.ബി.ഐ അന്വേഷിക്കുമെന്ന് ഉറപ്പുലഭിച്ചതായി എം.പിമാരായ കെ.സി വേണുഗോപാലും ശശി തരൂരും അറിയിച്ചു. ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷം പ്രതികരിക്കുകയായിരുന്നു ഇരുവരുമെന്ന് ഏഷ്യാനെറ്റ് ഓണ്‍ലൈന്‍ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സി.ബി.ഐ അന്വേഷണത്തെക്കുറിച്ച് ഉടന്‍ തന്നെ സി.ബി.ഐ ഡയറക്ടറെ അറിയിക്കുമെന്നും മന്ത്രി എം.പിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ശ്രീജിത്ത് ഇനി സമരം അവസാനിപ്പിക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടു.

അതേസമയം, സി.ബി.ഐ അന്വേഷണം സംബന്ധിച്ച് തങ്ങളെ ആരും ഇതുവരെ അറിയിച്ചിട്ടില്ലെന്ന് ശ്രീജിത്തും അമ്മയും പറഞ്ഞു. അന്വേഷണം ഏറ്റെടുത്തുകൊണ്ടുള്ള അറിയിപ്പ് ലഭിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കുകയുള്ളൂവെന്നും ശ്രീജിത്ത് പറഞ്ഞു. അനിയന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 767 ദിവസങ്ങളായി ശ്രീജിത്ത് സമരത്തിലാണ്. ഒരു മാസത്തോളമായി നിരാഹാരസമരത്തിലുമാണ്. സാമൂഹ്യമാധ്യമങ്ങളുള്‍പ്പെടെ ശ്രീജിത്തിന് പിന്തുണയുമായി രംഗത്തെത്തിയതോടെ ശ്രീജിത്തിന്റെ സമരം ശ്രദ്ധിക്കപ്പെടുകയായിരുന്നു.