തിരുവനന്തപുരം: സംസ്ഥാനത്ത് പുറത്തിറങ്ങാന്‍ ഇനി വാക്‌സിന്‍ സര്‍ട്ടിഫികറ്റോ ആര്‍ടിപിസിആര്‍, രോഗമുക്തി സര്‍ട്ടിഫികറ്റോ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ 90 ശതമാനത്തിന് മുകളില്‍ പൂര്‍ത്തിയായതിനാലാണ് ഈ നിബന്ധനകള്‍ ഒഴിവാക്കുന്നതെന്ന് മുഖ്യമന്ത്രി പറയുന്നു. 18 വയസിന് താഴെയുള്ളവര്‍ക്ക് വാക്‌സിനേഷന്‍ നിര്‍ബന്ധമില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഹോട്ടലുകളിലും ബാറുകളിലും ഇരുന്ന് കഴിക്കാനും അനുമതിയായി. രണ്ട് ഡോസ് വാക്‌സിനെടുത്തവര്‍ക്ക് മാത്രമാണ് ഹോട്ടല്‍, ബാര്‍, റസ്‌റ്റോറന്റുകളില്‍ ഇരുന്ന് കഴിക്കാനാവുക. എസി ഉപയോഗിക്കാന്‍ പാടില്ല. ആകെ സീറ്റുകളുടെ പകുതി പേരെ മാത്രം പ്രവേശിപ്പിക്കാം. തൊഴിലാളികളും വാക്‌സിനെടുത്തവരായിരിക്കണമെന്ന് മു്ഖ്യമന്ത്രി അറിയിച്ചു.

കൂടാതെ ഇന്‍ഡോര്‍ സ്റ്റേഡിയങ്ങള്‍, നീന്തല്‍ക്കുളം എന്നിവയുടെ പ്രവര്‍ത്തനം അനുവദിക്കാം. വാക്‌സിനേഷന്‍ എടുത്തവരെയാകണം ഇവിടെയും പ്രവേശിപ്പിക്കേണ്ടത്. ജീവനക്കാരും രണ്ട് ഡോസ് വാക്‌സിന്‍ എടുത്തവരാകണമെന്നും മുഖ്യമന്ത്രി അറിയിച്ചു.