കൊച്ചി: സി.കെ വിനീത് നേടിയ ഗോളിന്റെ മികവില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐ.എസ്.എല്‍ മൂന്നാം സീസണിലെ സെമിയില്‍ പ്രവേശിച്ചിരുന്നു. പോയിന്റ് ടേബിളില്‍ രണ്ടാമനായാണ് ബ്ലാസ്റ്റേഴ്‌സിന്റെ സെമി പ്രവേശം. എന്നാല്‍ വ്യത്യസ്തനായ പരിശീകന്‍ സ്റ്റീവ് കൊപ്പല്‍ വിജയത്തിന്റെ ക്രെഡിറ്റ് നല്‍കുന്നത് കാണികള്‍ക്കാണ്. അരലക്ഷത്തില്‍ പരം ബ്ലാസ്റ്റേഴ്‌സ് ആരാധകരാണ് കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തിയത്.

‘ഈ സീസണില്‍ തോല്‍വിയോടെയാണ് ഞങ്ങള്‍ തുടങ്ങിയത്, പക്ഷെ ഒരു പടി വിജയങ്ങളുമായി തിരിച്ചുവന്നു, കളിക്കാരോട് ഞാന്‍ പറയാറ്, നിങ്ങള്‍ തളരുമ്പോള്‍ കാണികളെ ശ്രദ്ധിക്കണം, കാണികളുടെ ഇരമ്പല്‍ നിങ്ങള്‍ക്ക് ഊര്‍ജം നല്‍കും. അതുമതി വിജയത്തിലെത്താന്‍’ കൊപ്പല്‍ പറഞ്ഞു. കാണികള്‍ക്ക് നന്ദി പറയാനും കൊപ്പല്‍ മറന്നില്ല. മത്സര ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞങ്ങള്‍ സമ്മര്‍ദ്ദത്തിലായിരുന്നില്ല, തുടക്കത്തില്‍ നാസോണിലൂടെ ലീഡ് നേടാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷെ ഗോളി വില്ലനായി, എന്നാല്‍ രണ്ടാം പകുതിയില്‍ സി.കെ വിനീത് അവസരത്തിനൊത്തുയര്‍ന്നുവെന്നും നിക്കോളാസ് വെലസിന്റെ അഭാവം നേട്ടമായെന്നും കൊപ്പല്‍ കൂട്ടിച്ചേര്‍ത്തു. സെമിയില്‍ ഡല്‍ഹി ഡൈനമോസാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളി.