നാല് വിദ്യാര്‍ഥിനികളെ മാസങ്ങളോളം പീഡിപ്പിച്ച സംഭവത്തില്‍ ഒന്‍പത് അധ്യാപകര്‍ക്കും പ്രിന്‍സിപ്പാളിനുമെതിരെ കേസെടുത്തു. രാജസ്ഥാനിലെ ആള്‍വാര്‍ ജില്ലയില്‍ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കേസ് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മന്ദാന പോലീസ് സ്‌റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു.

സ്‌കൂളില്‍ പോകാത്തത് എന്തുകൊണ്ടാണെന്ന് പെണ്‍കുട്ടിയോട് പിതാവ് ചോദിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. പ്രിന്‍സിപ്പാളും മൂന്ന് അധ്യാപകരും ചേര്‍ന്ന് ഒരു വര്‍ഷമായി തന്നെ കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് വിദ്യാര്‍ഥിനി രക്ഷിതാക്കളോടു പറഞ്ഞു.

പീഡനത്തിന്റെ ദൃശ്യങ്ങള്‍ രണ്ട് അധ്യാപികമാര്‍ ഫോണില്‍ പകര്‍ത്തിയതായും വിദ്യാര്‍ഥിനി പറഞ്ഞു. അധ്യാപകര്‍ മറ്റു ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി.

എന്നാല്‍ ഇക്കാര്യം വനിതാ അധ്യാപകരോട് പറഞ്ഞപ്പോള്‍ , പഠന ഫീസും പുസ്തകങ്ങളും തരാമെന്ന് വാഗ്ദാനം ചെയുകയാണ് ഉണ്ടായതെന്ന് വിദ്യാര്‍ഥിനികള്‍ പറഞ്ഞു. അതോടൊപ്പം, പരാതിപ്പെടാന്‍ സ്‌കൂളിലെത്തിയപ്പോള്‍ തന്റെ സഹോദരന്‍ മന്ത്രിയാണെന്ന് പ്രിന്‍സിപ്പാള്‍ പറഞ്ഞതായി ഇരകളിലൊരാളുടെ പിതാവ് പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ പ്രിന്‍സിപ്പാള്‍ തള്ളിക്കളഞ്ഞു.