ന്യൂഡല്‍ഹി: ശബരിമലയിലെ പ്രതിഷേധ പ്രകടനങ്ങള്‍ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി രംഗത്ത്. മുത്തലാഖ് നിരോധനത്തെ അനുകൂലിച്ച വ്യക്തികളാണ് ഇപ്പോള്‍ ശബരിമലയില്‍ സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നതെന്ന് സ്വാമി ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം തന്റെ പ്രതികരണം അറിയിച്ചത്.

സ്ത്രീകളെ പ്രവേശിപ്പിക്കാത്തത് നൂറ്റാണ്ടുകളായി പാലിച്ചു വരുന്ന പാരമ്പര്യത്തിന്റെ ഭാഗമാണെന്നാണ് പ്രതിഷേധക്കാരുടെ വാദം. എന്നാല്‍ അത്തരത്തിലൊരു പാരമ്പര്യത്തിന്റെ ഭാഗമാണ് മുത്തലാഖും, മുത്തലാഖ് നിരോധിച്ചപ്പോള്‍ കോടതി വിധിയെ ഇരു കൈയ്യും നീട്ടി സ്വാഗതം ചെയ്തവരാണ് ഇപ്പോള്‍ സമരവുമായി തെരുവിലിറങ്ങിയത്; സുബ്രഹ്മണ്യം സ്വാമി ട്വിറ്ററില്‍ കുറിച്ചു. ഇവിടെ ഇപ്പോള്‍ ഹിന്ദുക്കളിലെ നവോത്ഥാന ചിന്താഗതിക്കാരും, പിന്തിരിപ്പന്‍ ചിന്താഗതിക്കാരും തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നത്.


സുപ്രീം കോടതി വിധിക്കെതിരെയാണ് കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെന്നും നിയമത്തിന്റെ മുന്നില്‍ എല്ലാവരും ഒരു പോലെയാണെന്നും ആക്കാര്യം എല്ലാവരും അംഗീകരിക്കേണ്ടതുണ്ടെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.