തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍. കേസിലെ പ്രതികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നെയെന്ന് അദ്ദേഹം പറഞ്ഞു.

സിനിമക്കകത്തുള്ളവര്‍ തന്നെയാണ് നടിയെ ആക്രമിച്ചത്. സിനിമ മേഖലയില്‍ നിരവധി കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നത്. കടുത്ത ഗ്രൂപ്പിസമാണ് ഇവിടെ നടക്കുന്നത്. മറ്റൊരിടത്തും ഇത്രയേറെ ഗ്രൂപ്പിസം കാണില്ല. കേസില്‍ പോലീസുകാര്‍ കുറ്റക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാമേഖലയില്‍ നിന്നുള്‍പ്പെടെ നിരവധി പേരെ ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്. ആലുവ പോലീസ് ക്ലബ്ബില്‍ 13മണിക്കൂര്‍ ദിലീപിനേയും നാദിര്‍ഷയേയും ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് ഉണ്ടായിട്ടില്ല. കേസില്‍ നടന്ന ഗൂഢാലോചനയെക്കുറിച്ച് പോലീസ് ഇപ്പോഴും അന്വേഷിക്കുകയാണ്.