മണ്ണാര്‍ക്കാട്: നാളെ വിവാഹം നടക്കാനിരിക്കേ വിദേശത്ത് നിന്നെത്തിയ പ്രവാസി യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞിരം ചേട്ടന്‍പടിയില്‍ കളരിക്കല്‍ വീട്ടില്‍ പരേതനായ രാമകൃഷ്ണ പണിക്കരുടെ മകന്‍ രഞ്ജിത്തിനെയാണ് വീടിനു സമീപത്തെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വയസായിരുന്നു.

കോവിഡിനെ തുടര്‍ന്ന് നീട്ടിവച്ച കുന്നംകുളം സ്വദേശിനിയുമായുള്ള വിവാഹമാണ് നാളെ നടക്കേണ്ടിയിരുന്നത്. വിദേശത്തായിരുന്ന രഞ്ജിത്ത് നാട്ടിലെത്തി ഇതേ ലോഡ്ജില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം വിവാഹ വസ്ത്രമുള്‍പ്പെടെ വാങ്ങിയിരുന്നു.

ഇന്നലെ ലോഡ്ജില്‍ തങ്ങിയ രഞ്ജിത്തിനെ രാവിലെ പുറത്തേക്ക് കാണാതിരുന്ന ബന്ധുക്കള്‍ അന്വേഷിച്ചു ചെന്നപ്പോള്‍ തൂങ്ങി മരിച്ച നിലയില്‍ കാണുകയായിരുന്നു. നേരത്തെ മണ്ണാര്‍ക്കാട്ടെ വസ്ത്രശാല ജീവനക്കാരനായിരുന്നു. പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.