കക്കോടി: കള്ളക്കേസില്‍ കുടുക്കിയെന്ന് ആരോപിച്ച് യുവാവ് പൊലീസിന്റെ കണ്‍മുമ്പില്‍ വച്ച് തൂങ്ങിമരിച്ചു. മക്കട കോട്ടൂപാടം തെയ്യമ്പാടി കണ്ടി മീത്തല്‍ രാജേഷ് നിവാസില്‍ പരേതനായ ഗിരീഷിന്റെ മകന്‍ രാജേഷ് (33) ആണ് ആത്മഹത്യ ചെയ്തത്.

ഇന്നലെ രാവിലെ ആറോടെ പ്രദേശത്തെ ഒരു വീട്ടിലെത്തിയാണ് സംഭവം. ഇവിടുത്തെ യുവതിയെ നേരത്തെ റജിസ്റ്റര്‍ വിവാഹം കഴിച്ചെങ്കിലും ബന്ധം വേര്‍പെടുത്തിയതാണെന്ന് പൊലീസ് പറഞ്ഞു. വീട്ടുകാര്‍ വാതില്‍ തുറക്കാത്തതിനെത്തുടര്‍ന്ന് സമീപത്തെ പ്ലാവില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി. വീട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചേവായൂര്‍ പൊലീസ് എത്തുകയും യുവാവിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനിടെ അഗ്‌നിരക്ഷാസേനയെയും അറിയിച്ചു.

ഈസമയം യുവാവ് താഴേക്കു ചാടുകയായിരുന്നു. കൈയിലെ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. ഒരു കേസില്‍ ജയിലില്‍ കഴിഞ്ഞ യുവാവ് അടുത്താണ് പുറത്തിറങ്ങിയത്. എലത്തൂര്‍ പൊലീസിലെ ചിലരുടെ മോശം പ്രവര്‍ത്തനം ചോദ്യം ചെയ്ത് പരാതി നല്‍കിയതിന്റെ പേരില്‍ തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് യുവാവിന്റെ ആത്മഹത്യകുറിപ്പിലും ശബ്ദസന്ദേശത്തിലും പറയുന്നു. മാതാവ്:വസന്ത. സഹോദരി:രമ്യ