കൊച്ചി: ഓഫീസിനു നേരെയുള്ള ആക്രമണത്തില്‍ പ്രതികരണവുമായി പ്രഭാഷകനും അധ്യാപകനുമായ സുനില്‍.പി ഇളയിടം. തന്നെ ഭയപ്പെടുത്തി നിശബ്ദനാക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു.

സംഘ്പരിവാര്‍ ആക്രമണത്തിന്റെ അതേ രീതിതന്നെയാണ് ഈ ആക്രമണത്തിനും. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ, സംസ്‌കൃത സര്‍വകലാശാലയില്‍ മലയാളം വിഭാഗം അധ്യാപകനായ പ്രൊഫസര്‍ സുനില്‍ പി ഇളയിടത്തിന്റെ ഓഫീസിന്റെ നെയിം ബോര്‍ഡ് ഇളക്കി മാറ്റിയ നിലയില്‍ കണ്ടിരുന്നു. കൂടാതെ ഓഫീസ് മുറിയുടെ വാതിലില്‍ കാവി നിറത്തിലുളള ഗുണനചിഹ്നവും വരച്ചിരുന്നു.

സുനില്‍ പി ഇളയിടത്തിന് നേരെ ഇതിനു മുമ്പും സംഘപരിവാര്‍ വധഭീഷണി മുഴക്കിയിരുന്നു. ആര്‍എസ്എസിന് എതിരെ പറയുകയും എഴുതുകയും ചെയ്യുന്ന അദ്ദേഹത്തെ കല്ലെറിഞ്ഞ് കൊല്ലണം എന്ന ആഹ്വാനവുമായി സംഘപരിവാര്‍ പ്രവര്‍ത്തകന്‍ ശ്രീ വിഷ്ണുവാണ് കൊലവിളിയുമായി രംഗത്ത് വന്നത്. സുനില്‍ പി ഇളയിടത്തെ എവിടെ കണ്ടാലും കല്ലെറിഞ്ഞ് കൊല്ലാനാണ് ഇയാള്‍ ആഹ്വാനം ചെയ്തത്. ഇതിനുശേഷമാണ് ഓഫീസിലെ നെയിംബോര്‍ഡ് ഇളക്കിമാറ്റിയ നിലയില്‍ കണ്ടത്.