കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ അശുതോഷ് കോളേജ് ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ച മെറിറ്റ് പട്ടികയില്‍ നടി സണ്ണി ലിയോണിന്റെ പേര് ഒന്നാമത്. വ്യാഴാഴ്ച പുറത്തുവന്ന ബി എ ഇംഗ്ലീഷ് പ്രവേശനത്തിനുള്ള ആദ്യ പട്ടികയിലാണ് താരത്തിന്റെ പേരുള്ളത്.

മെറിറ്റ് പട്ടികയില്‍ സണ്ണിയുടെ പേരിനൊപ്പം ആപ്ലിക്കേഷന്‍ ഐഡി, റോള്‍ നമ്പര്‍ എന്നിവയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനൊപ്പം സണ്ണി പ്ലസ്ടു പരീക്ഷയില്‍ നാല് വിഷയങ്ങള്‍ക്ക് മുഴുവന്‍ മാര്‍ക്ക് സ്വന്തമാക്കിയതായും വ്യക്തമാക്കുന്നുണ്ട്. സംഭവം വിവാദമായതോടെ വിശദീകരണവുമായി കോളേജ് അധികൃതര്‍ രംഗത്തുവന്നു. ‘മെറിറ്റ് പട്ടികയില്‍ സംഭവിച്ച വീഴ്ച തിരുത്താന്‍ ബന്ധപ്പെട്ട വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോ മനഃപൂര്‍വം ചെയ്തതാണിത്. നടന്ന സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തും. സണ്ണി ലിയോണ്‍ എന്ന പേര് തിരുത്താന്‍ നിര്‍ദേശം നല്‍കിക്കഴിഞ്ഞു’ എന്നും കോളേജ് അധികൃതര്‍ വ്യക്തമാക്കി.

എന്നാല്‍ മാധ്യമങ്ങളിലടക്കം വാര്‍ത്ത പ്രചരിച്ചതോടെ സംഭവത്തില്‍ പ്രതികരണവുമായി സണ്ണി ലിയോണും എത്തി. ‘അടുത്ത സെമസ്റ്ററില്‍ നമുക്ക് കോളേജില്‍ കാണാം. എല്ലാവരും എന്റെ ക്ലാസ്സിലാണെന്ന് പ്രതീക്ഷിക്കുന്നു’. എന്നായിരുന്നു സണ്ണി ലിയോണ്‍ ട്വിറ്ററില്‍ കുറിച്ചത്.