ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കല്‍ സംബന്ധിച്ച് ഭരണഘടനാസാധുത പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകളും പ്രത്യേകം പരിശോധിക്കും. ഇക്കാര്യത്തില്‍ കേന്ദ്രം വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂറിന്റെ നേതൃത്വത്തിലുളള ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

നോട്ട് മാറ്റത്തിനെതിരായ പൊതുതാല്‍പര്യ ഹര്‍ജികളില്‍ സുപ്രീംകോടതി വെള്ളിയാഴ്ചയാണ് വിശദമായ വാദം കേള്‍ക്കുന്നത്. നോട്ടുകള്‍ അസാധുവാക്കിയ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കവെയാണ് സുപ്രിംകോടതി നിലപാട് വ്യക്തമാക്കിയത്. നോട്ടുകള്‍ അസാധുവാക്കിയ നടപടി റദ്ദു ചെയ്യുകയോ,, നീട്ടിവയ്ക്കുകയോ ചെയ്യണമെന്നാണ് പൊതുതാല്‍പര്യ ഹര്‍ജികളിലെ ആവശ്യം.

കേന്ദ്രസര്‍ക്കാരിന്റെ മറുപടി അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ഇന്നലെ സമര്‍പ്പിച്ചിരുന്നു. രാജ്യത്തെ കളളപ്പണത്തിനെതിരെയുളള നടപടികള്‍ ഊര്‍ജിതമാക്കിയെന്നും മറുപടിയില്‍ കേന്ദ്രം വ്യക്തമാക്കി. ജനത്തിന് ദുരിതമില്ലെന്നും, ഏതെങ്കിലും സംഭവം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും കേന്ദ്രം വിശദീകരിച്ചു.