ഡല്‍ഹി : പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്കു വിവാഹിതരാകാന്‍ കുടുംബത്തിന്റെയോ സമുദായത്തിന്റെയോ അനുവാദം ആവശ്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സുപ്രീം കോടതി. ഇത്തരം വിഷയങ്ങള്‍ സംബന്ധിച്ച കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പൊലീസ് എട്ട് ആഴ്ചയ്ക്കകം മാര്‍ഗരേഖയുണ്ടാക്കണമെന്നും ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ മുര്‍ഗോഡ് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണു കോടതി പരിഗണിച്ചത്. തന്റെ മകള്‍ അനുവാദമില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി ഒരാളെ വിവാഹം ചെയ്‌തെന്നും മകളെ കാണാതായെന്നും പിതാവു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു എഫ്‌ഐആര്‍.