ന്യൂഡല്‍ഹി: ഗോസംരക്ഷണമെന്ന പേരില്‍ മനുഷ്യരെ കൊല്ലുന്ന നടപടികള്‍ക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിന് സുപ്രീംകോടതിയുടെ നോട്ടീസ്. രാജസ്ഥാനത്തില്‍ പശുക്കളെ കടത്തിയെന്നാരോപിച്ച് ഗോരക്ഷാ സേന മുസ്‌ലിം യുവാവിനെ കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ് നടപടി. രാജസ്ഥാനടക്കം ആറു സംസ്ഥാനങ്ങള്‍ക്കും പരമോന്നത നീതിപീഠം നോട്ടീസയച്ചു. രാജസ്ഥാനെ കൂടാതെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. പശുസംരക്ഷണത്തിന്റെ മറവില്‍ നടക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ തീവ്രഹിന്ദുത്വ നീക്കങ്ങളിലാണ് സുപ്രീംകോടതിയുടെ ഇടപെടല്‍. മെയ് മൂന്നിനകം വിശദീകരണം നല്‍കണമെന്നാണ് രാജസ്ഥാന്‍ സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.