തൃശൂര്‍: സെല്‍ഫിക്കായി തോളില്‍ കൈയിട്ട വിദ്യാര്‍ത്ഥിയെ തട്ടിമാറ്റി സുരേഷ് ഗോപി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സംഭവം. തൃശൂര്‍ അതിരൂപതയിലെ എളവള്ളി ഇടവക പള്ളിയിലും സമീപസ്ഥലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയതാണ് സുരേഷ് ഗോപി. താരത്തെ കണ്ടതും പള്ളിയിലെ കുട്ടികള്‍ ഓടിക്കൂടുകയായിരുന്നു.

ഇതിനിടയിലാണ് സുരേഷ് ഗോപിക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ഒരു വിദ്യാര്‍ഥി ശ്രമിച്ചത്. പുറകില്‍ നിന്നിരുന്ന വിദ്യാര്‍ഥി സെല്‍ഫിയെടുക്കാന്‍ തോളില്‍ കൈവച്ചതും സുരേഷ് ഗോപി ക്ഷുഭിതനാവുകയായിരുന്നു. വിദ്യാര്‍ഥിയുടെ കൈ അദ്ദേഹം തട്ടിമാറ്റുന്നതും രൂക്ഷമായി വിദ്യാര്‍ഥിയെ നോക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് ചുറ്റും കൂടിയ വിദ്യാര്‍ഥികള്‍ക്കൊപ്പം ഏതാനും സമയം ചെലവഴിച്ചാണ് പിന്നീട് സുരേഷ് ഗോപി അവിടെ നിന്ന് മടങ്ങിയത്. തൃശൂര്‍ ജില്ലയിലെ ബിജെപി നേതാക്കളും സുരേഷ് ഗോപിക്കൊപ്പമുണ്ടായിരുന്നു.