ന്യൂഡല്‍ഹി: നിയന്ത്രണ രേഖ കടന്ന് പാക് അധീന കശ്മീരിലെ ഭീകര താവളങ്ങള്‍ക്കുനേരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ തെളിവുകള്‍ പുറത്തുവിടേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് മോദി സര്‍ക്കാറിന്റെ പുതിയ തീരുമാനം റിപ്പോര്‍ട്ട് ചെയ്തത്.

പാകിസ്താനോട് വളരെ അടുപ്പമുള്ള ചൈന പോലും ഇന്ത്യയുടെ സൈനിക നടപടിയെ ഇതുവരെ വിമര്‍ശിച്ചിട്ടില്ല. മാത്രമല്ല അയല്‍ രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങള്‍ ലരെ ഇന്ത്യയെ പിന്തുണക്കുകയാണ് ഉണ്ടായതെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. രാജ്യത്തിനുംമേല്‍ സമ്മര്‍ദ്ദമുണ്ടായാല്‍ ഇത്തരം സൈനിക നടപടിക്ക
സൈന്യം മടിക്കില്ല. എന്നാല്‍ യുദ്ധമുണ്ടാക്കാന്‍ ഇന്ത്യയൊരിക്കലും ആഗ്രഹിക്കുന്നില്ലെന്നും കേന്ദ്രം വ്യക്തമാക്കുന്നു.

മിന്നലാക്രമണം നടത്തുന്ന വിവരം അമേരിക്കയെപ്പോലും ഇന്ത്യ അറിയിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ ദിവസം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. എന്നാല്‍ അന്നേദിവസത്തെ സംഭാഷണത്തില്‍പോലും നടപടിയെ സംബന്ധിച്ച് യാതൊരു സൂചനയും നല്‍കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ഇന്ത്യയുടെ പ്രത്യാക്രമണം ലോകരാജ്യങ്ങളോന്നും അപലപിക്കാതിരുന്നത് പാകിസ്താന്റെ മനോവീര്യം കെടുത്തിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നുണ്ട്. സുപ്രധാന തീരുമാനങ്ങള്‍ എടുക്കാനുള്ള അവകാശം ഇന്ത്യ ഒരു രാജ്യത്തിനു മുന്നിലും അടിയറവയ്ക്കില്ലെന്നതാണ്് കേന്ദ്രനയമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയന്ത്രണ രേഖ കടന്ന് ഭീകര താവളങ്ങള്‍ക്കുനേരെ സൈന്യം മിന്നലാക്രമണം നടത്തിയെന്ന അവകാശവാദത്തെക്കുറിച്ച് നവാസ് ഷെരീഫ് സര്‍ക്കാറും പാക് മാധ്യമങ്ങളും ചോദ്യം ചെയ്തിരുന്നു. തെളിവ് ചോദിക്കല്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വിവാദമയതിനെ തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അടക്കമുള്ളവ സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനുപിന്നാലെ മിന്നലാക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സൈന്യം സര്‍ക്കാരിന് കൈമാറിയിരുന്നു. വിവാദ സാഹചര്യത്തില്‍ മിന്നലാക്രമണത്തിന്റെ തെളിവുകള്‍ സര്‍ക്കാര്‍ പുറത്തുവിട്ടേക്കുമെന്നായിരുന്നു അഭ്യൂഹം.