തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ എസ്.വി പ്രദീപിന്റെ അപകടമരണത്തിനു കാരണമായ വാഹനഉടമയെ കണ്ടെത്താന്‍ കഴിയാതെ പൊലീസ്. അപകടസമയത്തെ സിസിടിവി ദൃശ്യങ്ങളില്‍ ഇടിച്ചിടുന്ന വാഹനം ടിപ്പര്‍ ലോറിയാണെന്നു തിരിച്ചറിഞ്ഞിരുന്നു. അതേസമയം മരണത്തില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു.

നഗരത്തില്‍ നിന്നു ഏറെ അകലയെല്ലാത്ത പ്രധാനപാതയിലാണ് ഇന്നലെ സംഭവം നടന്നത്. ഇടിച്ചിട്ടത് ടിപ്പര്‍ലോറിയാണെന്നും തിരിച്ചറിഞ്ഞു. നിരന്നിരിക്കുന്ന ഈ ക്യാമറക്കണ്ണുകള്‍ക്കു മുന്നിലൂടെയാണ് വാഹനം കടന്നുപോയതും,എന്നിട്ടും ഇതുവരെയും വാഹനഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പൊലീസ് പറയുന്നത്

അപകടം നടന്ന സ്ഥലത്ത് ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി. മരണത്തില്‍ ദുരൂഹതയുണ്ടെന്ന പ്രദീപിന്റെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്തി നേമം പൊലീസ് കേസെടുത്തു.സംഭവത്തിലെ ദുരൂഹത അന്വേഷിക്കണമെന്നു മുല്ലപ്പള്ളി രാമചന്ദ്രനും, പി.കെ.കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടു.