സ്വാമി അഗ്‌നിവേശിന്റെ നിര്യാണം രാജ്യത്തെ മാനവികതക്കും മതനിരപേക്ഷതക്കും വലിയ നഷ്ടമാണ്. ആത്മീയതയും രാഷ്ടീയ പോരാട്ടവും സമന്വയിപ്പിച്ച അദ്ദേഹം രാജ്യമെങ്ങും സഞ്ചരിച്ച് മൈത്രിക്കും സൗഹൃദത്തിനും സാമൂഹികസമാധാനത്തിനും വേണ്ടി അനവരതം യത്‌നിച്ചു. അദ്ദേഹത്തിന്റെ കര്‍മ്മസമരങ്ങള്‍ മഹാത്മാഗാന്ധിയെ അനുസ്മരിപ്പിക്കുന്നതായിരുന്നു. സന്ന്യാസം കേവല ആത്മീയതയിലേക്കുള്ള ഉള്‍വലിയലല്ല എന്നു വിശ്വസിച്ച അഗ്‌നിവേശ് കാഷായവസ്ത്രത്തിന്റെ പ്രശാന്തി കൈവിടാതെ രാഷ്ട്രീയ പോരാട്ടമേഖലകളില്‍ സജീവ സാന്നിധ്യമായി നിലകൊണ്ടു.
ആര്യസമാജ സന്ന്യാസിയായിരുന്ന സ്വാമിജി പാര്‍ലമെന്റംഗം എന്ന നിലയിലും ശോഭിച്ചു. അദ്ദേഹത്തോടൊപ്പം കഴിച്ചുകൂട്ടിയ അമൂല്യമായ സന്ദര്‍ഭങ്ങള്‍ ഇപ്പോള്‍ വിഷാദാത്മകമായ സ്മരണകളായിത്തീര്‍ന്നിരിക്കുന്നു. തിരുവനന്തപുരത്തെയും ഓച്ചിറയിലെയും ചടങ്ങുകള്‍ മനസ്സില്‍ തിളങ്ങിനില്‍ക്കുന്നു. തിരുവനന്തപുരത്തെ പരിപാടി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ വിളിച്ചുചേര്‍ത്തതായിരുന്നു. സി.പി.എം നേതാവ് പ്രകാശ് കാരാട്ടിന്റെയും സാന്നിധ്യം ഉണ്ടായിരുന്നു. ഓച്ചിറയിലെ ചടങ്ങ് പ്രിയ സുഹൃത്ത് അബ്ബാ മോഹന്‍ സംഘടിപ്പിച്ചതായിരുന്നു. കൂടിക്കാഴ്ചകളില്‍ ഊര്‍ജ്ജസ്വലനായി പരിസരമാകെ വെളിച്ചം വിതറുമായിരുന്നു സ്വാമി അഗ്‌നിവേശ്. അദ്ദേഹത്തിന്റെ അടുത്തിരിക്കുമ്പോഴൊക്കെ ഒരു കര്‍മ്മയോഗിയുടെ സാമീപ്യം അനുഭവപ്പെടുമായിരുന്നു.