തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കുടുക്കി സ്വപ്‌നയുടെ മൊഴി. പ്രതി സ്വപ്‌നയുമായി എം ശിവശങ്കര്‍ 3 തവണ വിദേശയാത്ര നടത്തിയെന്ന് എന്‍ഫോഴ്‌സ് മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. 2017 ഏപ്രിലില്‍ സ്വപ്‌നയുമൊന്നിച്ച് യുഎഇയിലക്ക് യാത്ര ചെയ്‌തെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു .2018 ഏപ്രിലില്‍ ഒമാന്‍ യാത്ര ചെയ്ത ശിവശങ്കര്‍ അവിടെ സ്വപ്‌നയെ കാണുകയും ഒരുമിച്ച് മടങ്ങുകയും ചെയ്തു.

2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് ശേഖരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശത്തിനിടയിലും ഇരുവരും കണ്ടു. സ്വര്‍ണം സൂക്ഷിക്കാന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമൊന്നിച്ച് ബാങ്ക് ലോക്കര്‍ തുറന്നത് ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണെന്നും സ്വപ്‌ന സമ്മതിച്ചുവെന്നും എന്‍ഫോഴ്‌സ്‌മെന്റ് വ്യക്തമാക്കി.

ലോക്കറുകള്‍ തുറന്നത്് 2018 നവംബറിലാണെന്ന് കണ്ടെത്തി. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ വേണുഗോപാലിന്റെ കൂടി പേരിലാണ് ലോക്കര്‍. ലോക്കറിന്റെ താക്കോല്‍ സൂക്ഷിച്ചത് വേണുഗോപാലായിരുന്നു. അനധികൃത ഇടപാടുകള്‍ക്ക് വേണ്ടിയാണ് ലോക്കര്‍ തുറന്നതെന്നാണ് അനുമാനം. ഈ ലോക്കര്‍ വേണുഗോപാല്‍ പല തവണ തുറന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സ്വപ്‌ന നിര്‍ദ്ദേശിച്വരുടെ പക്കല്‍ വേണുഗോപാല്‍ പണം കൊടുത്തുവിടുകയായിരുന്നു. അതേസമയം, സ്വപ്‌നയുടെ ഇടപാടുകളില്‍ പങ്കില്ലെന്നാണ് വേണുഗോപാലിന്റെ മൊഴി. ശിവശങ്കര്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അന്വേഷണസംഘത്തിനോട് പറഞ്ഞു. എന്നാല്‍ ഈ മൊഴി അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല.