കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്‍ പറഞ്ഞു. മുന്നണികളോട് സമദൂരം പ്രഖ്യാപിക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിലെ അവഗണനയാണ് മാറിചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇടതുസര്‍ക്കാര്‍ വ്യാപാരികളെ വഞ്ചിച്ചെന്നും നസീറുദ്ദീന്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി തീരുമാനത്തില്‍ പിന്നോട്ടില്ലെന്നും ഈമാസം അവസാനം നിലവില്‍വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

സംഘടനയില്‍ നിന്നു തെറ്റിപിരിഞ്ഞ വ്യാപാരി വ്യവസായി ഏകോപനസമിതി(ഹസന്‍കോയ വിഭാഗം) മാസങ്ങള്‍ക്ക് മുന്‍പ് വ്യാപാരി വ്യവസായി ഏകോപനസമിതിയിലേക്ക് തിരിച്ചെത്തിയിരുന്നു. ഇതോടെ സംഘടന കൂടുതല്‍ ശക്തിപ്പെട്ടിട്ടുണ്ടെന്ന് നേതാക്കള്‍ പറയുന്നു. സംഘടനയില്‍ പത്ത് ലക്ഷത്തോളം അംഗങ്ങളുണ്ടെന്നും നസിറുദ്ദീന്‍ പറഞ്ഞു.