ആര്യനാട്: പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയും കാമുകനും പൊലീസ് പിടിയില്‍. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. പറണ്ടോട് ഒന്നാംപാലം സ്വദേശിനി 32 കാരിയെയും കാമുകന്‍ പറണ്ടോട് സ്വദേശി 33 കാരനെയും ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

യുവതി 19ാം വയസ്സില്‍ പറണ്ടോട് സ്വദേശിയായ പ്രവാസിക്ക് ഒപ്പം പോയി ദാമ്പത്യജീവിതം നയിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് യുവതി പേരുമാറ്റി പ്രവാസിയുടെ മതം സ്വീകരിച്ചാണ് താമസിച്ചത്. ഇവര്‍ക്ക് 11, 13 വയസ്സുള്ള രണ്ട് കുട്ടികളുണ്ട്.

ഇതിനിടെയാണ് യുവതി പറണ്ടോട് സ്വദേശി മറ്റൊരാളുമായി പ്രണയത്തില്‍ ആകുന്നത്. പ്രവാസിയായ ഭര്‍ത്താവ് അടുത്ത മാസം നാട്ടില്‍ വരാനിരിക്കെയാണ് യുവതി കാമുകനൊപ്പം ഒളിച്ചോടിയതെന്നു പൊലീസ് പറഞ്ഞു. വീട്ടില്‍ ധരിച്ചിരുന്ന വേഷത്തില്‍ ആണ് യുവതി പോയത്. തുടര്‍ന്ന് ബന്ധുക്കളും പൊലീസും ചേര്‍ന്ന് രാത്രി വൈകിയും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല.

ശേഷം മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ ആണ് കാമുകനൊപ്പം പോയതെന്ന് പൊലീസ് കണ്ടെത്തിയത്. കാമുകന്റെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്നാണ് ഇരുവരെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.യുവതിയെ അട്ടക്കുളങ്ങര സബ് ജയിലിലും കാമുകനെ നെയ്യാറ്റിന്‍കര സബ് ജയിലിലേക്കും മാറ്റി.