More

ടി.സിദ്ദീഖിനെ അനുഗ്രഹിച്ച് ഷാനവാസിന്റെ കുടുംബം

By chandrika

March 20, 2019

കൊച്ചി: യുഡിഎഫ് വയനാട് ലോക്‌സഭ മണ്ഡലം സ്ഥാനാര്‍ഥി ടി.സിദ്ദീഖ് കൊച്ചിയില്‍ അന്തരിച്ച എം.ഐ ഷാനവാസിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചു. സ്ഥാനാര്‍ഥിത്വം ഉറപ്പായതിന് പിന്നാലെയായിരുന്നു സിദ്ദീഖ് വയനാട് എം.പിയായിരുന്ന എം.ഐ ഷാനവാസിന്റെ വസതിയിലെത്തിയത്.

ഷാനവാസിന്റെ പത്‌നി ജുബൈരിയത്ത് ബീഗവും മകന്‍ ഹസീബും സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. ഷാനവാസിന്റെ ഓര്‍മകളുറങ്ങുന്ന വയനാട് മണ്ഡലത്തിലേക്ക് കുടുംബാംഗങ്ങളെ പ്രചാരണത്തിന് ക്ഷണിക്കുകയും ചെയ്തു. വയനാട്ടില്‍ സിദ്ദിഖിന്റെ വിജയം ഉറപ്പാണെന്ന് ആശംസകള്‍ നേര്‍ന്ന് ഷാനവാസിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു.

വയനാട് സീറ്റിനായി കോണ്‍ഗ്രസില്‍ പിടിവലി നടന്നുവെന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും അത്തരത്തിലുള്ള യാതൊന്നും കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ലെന്നും ടി.സിദ്ദീഖ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പ്രതിപക്ഷ നേതാവും താനുമായി നിരന്തരം സംസാരിച്ചതാണ്. തനിക്ക് എല്ലാക്കാലത്തും മികച്ച പിന്തുണ നല്‍കിയ വ്യക്തിയാണ് രമേശ് ചെന്നിത്തല. ലോക്‌സഭ സ്ഥാനാര്‍ഥിയായി തന്റെ പേരടക്കം അദ്ദേഹം നിര്‍ദേശിച്ചതാണ്. ഹൈക്കമാന്റിന്റെ മുന്നിലേക്ക് തന്റെ പേര് പോവുന്നത് കേരളത്തിലെ നേതാക്കള്‍ ഒന്നടങ്കം നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ്. അതില്‍ മറ്റൊരു വിഭാഗീയതയും ഉണ്ടായിട്ടില്ല. മാധ്യമങ്ങള്‍ സൃഷ്ടിച്ച തര്‍ക്കമാണ് ഇതെല്ലാം. പല തരത്തിലുള്ള കഥകളാണ് മാധ്യമങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നത്. ഡല്‍ഹിയില്‍ നടന്ന സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഇത്തരത്തില്‍ ഒന്നും സംഭവിച്ചിട്ടില്ല. ജനങ്ങളെ കൂട്ടിയോജിപ്പിച്ച് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ നേതൃത്വത്തില്‍ ഏകോപിച്ച് നടപ്പിലാക്കേണ്ട രൂപ രേഖയുമായിട്ടാണ് താന്‍ വയനാട്ടിലെ ജനങ്ങളെ സമീപിക്കുന്നതെന്നും ടി.സിദ്ദീഖ് പറഞ്ഞു.