മുംബൈ: അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയര്‍ത്തി ബോളിവുഡ് നടി തപ്‌സി പന്നു. സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലാണ് നടി സമകാലിക സംഭവങ്ങളിലേക്ക് വിരല്‍ ചൂണ്ടിയത്. ഇന്ത്യയെ കുറിച്ചുള്ളൊരു കവിതയാണ് അവര്‍ പങ്കുവച്ചത്.

ചോദ്യങ്ങള്‍ ഉന്നയിക്കുന്നത് ദേശദ്രോഹമല്ല എന്നും കാരണം നിങ്ങള്‍ രാജ്യത്തെ സ്‌നേഹിക്കുന്നത് കൊണ്ടാണ് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത് എന്ന് അവര്‍ പറഞ്ഞു. നമ്മള്‍ പുതിയ ഇന്ത്യയ്ക്ക് തറക്കല്ലിട്ടു. സംഭാഷണങ്ങളിലൂടെ മാത്രമേ നമുക്ക് മുമ്പോട്ടു പോകാനാകൂ. ശാസ്ത്രത്തിനായുള്ള അന്വേഷണത്തില്‍ നാം അന്ധവിശ്വാസങ്ങളില്‍ കുടുങ്ങിക്കിടക്കുന്നത് ദുഃഖകരമാണ്. നമ്മളെല്ലാവരും തുല്യരാണ് എന്ന് ഭരണഘടന പറയുന്നു. എന്നാല്‍ നമ്മള്‍ മതത്തിന്റെയും ജാതിയുടെയും പേരില്‍ വിഭജിച്ചു നില്‍ക്കുകയാണ്- അവര്‍ ചൂണ്ടിക്കാട്ടി.

https://www.instagram.com/tv/CFJM0bZpNUJ/?utm_source=ig_web_copy_link

ആരും വിശക്കാതിരിക്കുന്നതും എല്ലാവര്‍ക്കും വീടുണ്ടാകുന്നതും നല്ല ചിന്തയാണ്. എന്നാല്‍ ആദ്യം ഹൃദയങ്ങളില്‍ നിന്ന് ഭയം ഇല്ലാതാകണം. എല്ലാവരും ഒരു കുടുംബമാണ് എന്ന് ലോകത്തെ പഠിപ്പിച്ചവരാണ് നമ്മള്‍. അതു നമ്മള്‍ പിന്തുടരുന്നുമില്ല. സംഭാഷണങ്ങള്‍ കൊണ്ടു മാത്രം വിജയകരമാകുന്ന ഒരു പുതിയ യാത്ര നമുക്ക് ആരംഭിക്കാം- അവര്‍ കൂട്ടിച്ചേര്‍ത്തു.