മാഡ്രിഡ്: സ്പാനിഷ് ലാ ലീഗയില്‍ ബാഴ്‌സയുടെ അശ്വമേധത്തെ അത്‌ലറ്റിക്കോ മാഡ്രിഡ് പിടിച്ചു കെട്ടി. സീസണില്‍ ഒരു പോയിന്റ് പോലും നഷ്ടാകാതെ ഏഴു മത്സരം പൂര്‍ത്തിയാക്കിയ കറ്റാലന്‍ ടീം ബാഴ്‌സലോണയെ എട്ടാം മത്സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് 1-1ന് സമനിലയില്‍ തളച്ചു. സീസണില്‍ ബാഴ്‌സയുടെ ആദ്യ പോയിന്റ് നഷ്ടമാണിത്.

ആദ്യ പകുതിയുടെ 21-ാം മിനിറ്റില്‍ സോള്‍ നിഗ്വസിലൂടെ മുന്നിലെത്തിയ അത്‌ലറ്റിക്കോയ്‌ക്കെതിരെ മത്സരം തീരാന്‍ എട്ടു മിനിറ്റ് ബാക്കി നില്‍ക്കെ ലൂയിസ് സുവാരസ് നേടിയ ഗോളാണ് ഏണസ്‌റ്റോ വാല്‍വര്‍ദോയുടെ സംഘത്തിന്റെ മാനം കാത്തത്. സമനിലയോടെ ബാഴ്‌സക്കെതിരെ കഴിഞ്ഞ 14 ലാ ലീഗ മത്സരങ്ങളിലും വിജയം കാണാന്‍ കഴിയാതിരുന്ന അത്‌ലറ്റിക്കോ ഇത്തവണയും ചരിത്രം ആവര്‍ത്തിച്ചു.

സൂപ്പര്‍ താരം ലയണല്‍ മെസ്സിക്ക് നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും അത്‌ലറ്റിക്കോയുടെ യാന്‍ ഒബ്്‌ലകിനെ മറികടന്ന് നിറയൊഴിക്കാനായില്ല. അന്റോണിയോ ഗ്രീസ്മാന്റെ ഗോളെന്നുറച്ച രണ്ട് ഷോട്ടുകള്‍ ഏറെ പണിപ്പെട്ടാണ് മാര്‍ക് ആന്ദ്രേ ടെര്‍സ്റ്റെഗന്‍ തടഞ്ഞിട്ടത്. തുടക്കത്തില്‍ മെസ്സിയിലൂടെ ബാഴ്‌സയാണ് മുന്നേറ്റങ്ങള്‍ക്ക് തുടക്കമിട്ടത്.

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ബാഴ്‌സ നിരയില്‍ നിന്നും ആന്ദ്രേ ഇനിയേസ്റ്റ, നെല്‍സണ്‍ സെമദോ എന്നിവരെ പിന്‍വലിച്ച് ജെറാഡ് ഡീലോഫ്യൂ, സെര്‍ജി റോബര്‍ട്ടോ എന്നിവരെ ഇറക്കിയതോടെ പിന്നീട് കണ്ടത് ബാഴ്‌സയുടെ തുടരെത്തുടരെയുള്ള മുന്നേറ്റങ്ങളായിരുന്നു. തോ ല്‍വി ഉറ്റു നോക്കിയ ഘട്ടത്തില്‍ സുവാരസ് രക്ഷകനായി എത്തുകയും ചെയ്തു.  സെര്‍ജി റോബര്‍ട്ടോയുടെ ക്രോസില്‍ നിന്നുമായിരുന്നു സുവാരസിന്റെ ഗോള്‍ പിറന്നത്. സമനിലയോടെ സീസണിലെ അപരാജിത റെക്കോര്‍ഡ് ബാഴ്‌സ നിലനിര്‍ത്തി.

എട്ടു മത്സരങ്ങളില്‍ നിന്നും 22 പോയിന്റുമായി ബാഴ്‌സ തന്നെയാണ് ലീഗില്‍ തലപ്പത്ത്. 17 പോയിന്റുമായി റയല്‍ രണ്ടാമതും 16 പോയിന്റുമായി അത്‌ലറ്റിക്കോ മൂന്നാമതുമാണ്. ലീഗിലെ മറ്റു മത്സരങ്ങളില്‍ റയല്‍ സോസിദാദ് ഏകപക്ഷീയമായ രണ്ടു ഗോളുകള്‍ക്ക് ഡെപോര്‍ട്ടീവോ അലാവസിനെ കീഴടക്കിയപ്പോള്‍ ഐബര്‍-ഡെപോര്‍ട്ടീവോ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു.