പാലക്കാട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് വീണ്ടും പരിശോധന തുടങ്ങി. കഴിഞ്ഞമാസം കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍ വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ-പാസ് നിര്‍ബന്ധമായി കരുതണമെന്ന് കോയമ്പത്തൂര്‍ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇരു സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമായതോടെ ഒരാഴ്ചയായി മുടങ്ങി കിടന്ന പരിശോധനയാണ് വീണ്ടും തുടങ്ങിയത്. വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ-പാസ് പരിശോധനയാണ് നടക്കുന്നത്.

വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ-പാസ് എടുത്തിരിക്കണമെന്ന കോയമ്പത്തൂര്‍ കലക്ടറുടെ ഉത്തരവില്‍ 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്നും പറയുന്നുണ്ട്. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് പാലക്കാട് കലക്ടര്‍ കോയമ്പത്തൂര്‍ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്‌നാട് പരിശോധന ശക്തമാക്കിയത്.