Connect with us

Sports

‘തമീം ഇന്ത്യന്‍ ഏജന്റ് ആണെന്നു തെളിയിച്ചു’; ബംഗ്ലദേശ് മുന്‍ താരത്തിനെതിരെ ബിസിബി അംഗം

ട്വന്റി20 ലോകകപ്പിനായി ബംഗ്ലദേശ് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) കടുംപിടിത്തം പിടിക്കുന്നതിനിടെയിലാണ് എം. നജ്മുല്‍ ഇസ്ലാമിന്റെ അധിക്ഷേപ പരാമര്‍ശം.

Published

on

ധാക്ക: ബിസിബിയെ വിമര്‍ശിച്ച മുന്‍ ബംഗ്ലദേശ് താരം തമീം ഇക്ബാലിനെ ‘ഇന്ത്യന്‍ ഏജന്റ്’ എന്ന് വിളിച്ചാക്ഷേപിച്ച് ബിസിബി ഡയറക്ടര്‍ ബോര്‍ഡിലെ പ്രമുഖ അംഗമായ എം. നജ്മുല്‍ ഇസ്ലാം. ട്വന്റി20 ലോകകപ്പിനായി ബംഗ്ലദേശ് ടീമിനെ ഇന്ത്യയിലേക്ക് അയയ്ക്കില്ലെന്ന് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) കടുംപിടിത്തം പിടിക്കുന്നതിനിടെ ബോര്‍ഡ് അംഗങ്ങള്‍ക്കിടയിലും മുന്‍ താരങ്ങള്‍ക്കിടയിലും ഭിന്നത രൂക്ഷമാണ്. ഇതിനിടയിലാണ് എം. നജ്മുല്‍ ഇസ്ലാമിന്റെ അധിക്ഷേപ പരാമര്‍ശം. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്.

ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബിസിബിയുടെ ആവശ്യത്തിനെതിരെ തമീം ഇക്ബാല്‍ കഴിഞ്ഞദിവസമാണ് രംഗത്തെത്തിയത്. ബിസിബിയുടെ ഈ നിലപാടിന്റെ പ്രത്യാഘാതങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു മുന്‍ താരത്തിന്റെ വിമര്‍ശനം. എന്നാല്‍ ഇതിനെതിരെ ബിസിബി അംഗമായ നജ്മുല്‍ ഇസ്ലാം രംഗത്തുവരുകയും തമീം ‘ഇന്ത്യന്‍ ഏജന്റ് ആണെന്നു തെളിയിച്ചു’ എന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയുമായിരുന്നു. ഇതില്‍ തമീമിന്റെ ആരാധകരടക്കം വന്‍ പ്രതിഷേധം രേഖപ്പെടുത്തി.

ഇന്ത്യയും ബംഗ്ലദേശും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ബംഗ്ലദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ ബിസിസിഐ ഐപിഎലില്‍നിന്ന് ഒഴിവാക്കിയിരുന്നു. ഇതില്‍ പ്രകോപിതരായാണ് ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡ് ട്വന്റി20 ലോകകപ്പിലെ തങ്ങളുടെ മത്സരങ്ങള്‍ ഇന്ത്യയില്‍നിന്ന് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെടുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Sports

രോഹിത്തിനെ’ക്യാപ്റ്റന്‍’ എന്ന് വിശേഷിപ്പിച്ച് ജയ് ഷാ; നാക്കുപിഴയല്ല, പിന്നില്‍ വ്യക്തമായ കാരണമുണ്ട്

ഏകദിന ടീമില്‍ ഓപ്പണറായി മാത്രം കളിക്കുന്ന മുന്‍ നായകന്‍ രോഹിത്തിനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ച് ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ.

Published

on

മുംബൈ: ഏകദിന ടീമില്‍ ഓപ്പണറായി മാത്രം കളിക്കുന്ന മുന്‍ നായകന്‍ രോഹിത്തിനെ ക്യാപ്റ്റന്‍ എന്ന് വിശേഷിപ്പിച്ച് ഐസിസി ചെയര്‍മാനും മുന്‍ ബിസിസിഐ സെക്രട്ടറിയുമായ ജയ് ഷാ. റിലയന്‍സ് ഫൗണ്ടേഷന്‍ ഇന്ത്യയുടെ ലോകകപ്പ് ജേതാക്കളെ ആദരിക്കാനായി സംഘടിപ്പിച്ച യുനൈറ്റഡ് ട്രയംഫ് ചടങ്ങിലാണ് ജയ് ഷാ രോഹിത്തിനെ ഇന്ത്യന്‍ ക്യാപ്റ്റനെന്ന് വിശേഷിപ്പിച്ചത്. ഇത് ആരാധകരെ ഏറെ അമ്പരപ്പിച്ചിരുന്നു.

ആദ്യം ജയ് ഷായുടെ നാക്കുപിഴച്ചതാണെന്ന് കരുതിയെങ്കിലും പിന്നീട് താന്‍ എന്തുകൊണ്ടാണ് രോഹിത്തിനെ ക്യാപ്റ്റനെന്ന് വിളിക്കുന്നതെന്ന് ജയ് ഷാ വിശദീകരിച്ചു. നമ്മുടെ ക്യാപ്റ്റന്‍ ഇവിടെ ഇരിക്കുന്നുണ്ട് എന്ന് ജയ് ഷാ പറഞ്ഞപ്പോള്‍ ചിരിയായിരുന്നു രോഹിത്തിന്റെ പ്രതികരണം. ഞാനദ്ദേഹത്തെ ക്യാപ്റ്റനെന്ന് മാത്രമെ വിളിക്കു, കാരണം ഇന്ത്യയെ രണ്ട് ഐസിസി കിരീടങ്ങളിലേക്ക് നയിച്ച നായകനാണ് അദ്ദേഹം. 2023ലെ ഏകദിന ലോകകപ്പില്‍ 10 മത്സരങ്ങളും ജയിച്ച് ഫൈനലിലെത്തിയ നമ്മള്‍ ആരാധകരുടെ ഹൃദയം ജയിച്ചെങ്കിലും കിരീടം കൈവിട്ടു. 2024 ഫെബ്രുവരിയില്‍ രാജ്‌കോട്ടില്‍ നടന്ന ചടങ്ങില്‍ ഞാന്‍ പറഞ്ഞിരുന്നു, അടുത്ത തവണ നമ്മള്‍ ആരാധകരുടെ ഹൃദയവും കിരീടവും ഒരുപോലെ സ്വന്തമാക്കുമെന്ന്. അത് ടി20 ലോകകപ്പ് കിരീടനേട്ടത്തിലൂടെ സംഭവിക്കുകയും ചെയ്തുവെന്നും ജയ് ഷാ പറഞ്ഞു.

2021ല്‍ വിരാട് കോലിയില്‍ നിന്ന് ഏകദിന ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ ഇന്ത്യയെ 56 മത്സരങ്ങളില്‍ നയിച്ചു, ഇതില്‍ 42 മത്സരങ്ങളിലും ജയിക്കാന്‍ ഇന്ത്യക്കായി. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലേക്ക് നയിച്ച രോഹിത് 2024ലെ ടി20 ലോകകപ്പില്‍ ഇന്ത്യക്ക് കിരീടം സമ്മാനിച്ചു.പിന്നാലെ 2025ലെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇന്ത്യയെ ജേതാക്കളാക്കി. 62 ടി20 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത്തിന് കീഴില്‍ 49 മത്സരങ്ങളിലും ഇന്ത്യ ജയിച്ചു. ടി20യില്‍ 79.03 ശതമാനമുള്ള രോഹിത്താണ് വിജയശതമാനത്തില്‍ ഏറ്റവും മുന്നിലുള്ള നായകന്‍. ടി20 ക്രിക്കറ്റില്‍ നിന്നും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച് നിലവില്‍ ഇന്ത്യയുടെ ഏകദിന ടീമില്‍ മാത്രമാണ് രോഹിത് കളിക്കുന്നത്.

 

Continue Reading

Sports

ഇനി ആവേശ പോരാട്ടം; വനിത പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

രണ്ട് മാസം മുമ്പ് ഇതേ വേദിയില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും നേര്‍ക്കുനേര്‍ വരുന്ന മത്സരംകൂടിയാണിത്.

Published

on

നവി മുംബൈ: വനിത പ്രീമിയര്‍ ലീഗ് നാലാം പതിപ്പിന് ഇന്ന് തുടക്കം. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നിലവിലെ ജേതാക്കളായ മുംബൈ ഇന്ത്യന്‍സും മുന്‍ ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 7.30നാണ് മത്സരം തുടങ്ങുക. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട് സ്റ്റാറിലും മത്സരം തത്സമയം കാണാനാകും. രണ്ട് മാസം മുമ്പ് ഇതേ വേദിയില്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ ഏകദിന ലോകകപ്പ് ഉയര്‍ത്തിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും നേര്‍ക്കുനേര്‍ വരുന്ന മത്സരംകൂടിയാണിത്.

ഹര്‍മന്‍പ്രീത് കൗര്‍ നയിക്കുന്ന മുംബൈയില്‍ മലയാളിതാരം സജന സജീവനും അമേലിയ കെറും ഹെയ്ലി മാത്യൂസും അമന്‍ജോത് കൗറുമുണ്ട്. സ്മൃതി നയിക്കുന്ന ആര്‍സിബിയില്‍ അരുന്ധതി റെഡ്ഡി, പൂജ വസ്ത്രാകര്‍, രാധാ യാദവ്, റിച്ച ഘോഷ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.

മലയാളി സാന്നിധ്യമായി ഓള്‍ റൗണ്ടര്‍മാരായ ആശ ശോഭനയും മിന്നു മണിയും സജന സജീവനും മത്സരത്തിന് മാറ്റുകൂട്ടാനുണ്ട്. ലെഗ് സ്പിന്നറായി മികവ് തെളിയിച്ച തിരുവനന്തപുരത്തുകാരി ആശയെ 1.10 കോടി രൂപക്കാണ് താരലേലത്തില്‍ യു.പി വാരിയേഴ്‌സ് സ്വന്തമാക്കിയത്. വനിത താരലേലത്തിലെ ആദ്യ മലയാളി കോടിപതിയായി ആശ. വയനാട്ടുകാരായ മിന്നു ഡല്‍ഹി കാപിറ്റല്‍സിന്റെയും സജന മുംബൈ ഇന്ത്യന്‍സിന്റെയും ഭാഗമാണ്.

വനിതാ പ്രീമിയര്‍ ലീഗില്‍ കിരീടം മുംബൈയും ആര്‍സിബിയും മാത്രമാണ് ഇതുവരെ കിരീടം നേടിയ രണ്ട് ടീമുകള്‍. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ മുംബൈക്ക് ആര്‍സിബിക്ക് മേല്‍ നേരിയ മുന്‍തൂക്കമുണ്ട്. പരസ്പരം കളിച്ച ഏഴ് കളികളില്‍ നാലെണ്ണത്തില്‍ മുംബൈയും മൂന്നെണ്ണത്തില്‍ ആര്‍സിബിയും ജയിച്ചു.

അഞ്ച് ടീമുകള്‍ നയിക്കുന്ന പോരാട്ടങ്ങള്‍ക്ക് രണ്ടു വേദികളാണുള്ളത്. മുംബൈക്കും ബംഗളൂരുവിനും പുറമെ, യു.പി വാരിയേഴ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി കാപിറ്റല്‍സ് എന്നിങ്ങനെ അഞ്ച് ടീമുകളാണ് ഇറങ്ങുന്നത്. ഇന്ത്യയുടെ ഏകദിന ലോകകപ്പ് ഹീറോ ജെമീമ റോഡ്രിഗസാണ് ഡല്‍ഹി നായിക. ആസ്‌ട്രേലിയക്കാരായ ആഷ്ലി ഗാര്‍ഡ്‌നര്‍ ഗുജറാത്തിനെയും മെഗ് ലാനിങ് യു.പിയെയും നയിക്കും. ഡബിള്‍ റൗണ്ട് റോബിന്‍, പ്ലേ ഓഫ് ഫോര്‍മാറ്റിലായി ആകെ 22 മത്സരങ്ങളുണ്ടാവും.

ആദ്യ റൗണ്ട് ജനുവരി 17വരെ നവി മുംബൈയിലും രണ്ടാം റൗണ്ട് ഫെബ്രുവരി ഒന്നുവരെ വഡോദര കൊടംബി സ്റ്റേഡിയത്തിലും നടക്കും. ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്നവര്‍ നേരിട്ട് ഫൈനലിലെത്തും. രണ്ടും മൂന്നും സ്ഥാനക്കാര്‍ എലിമിനേറ്ററില്‍ ഏറ്റുമുട്ടി കലാശക്കളിക്ക് ടിക്കറ്റെടുക്കും. എലിമിനേറ്റര്‍ ഫെബ്രുവരി മൂന്നിനും ഫൈനല്‍ അഞ്ചിനും വഡോദരയില്‍ അരങ്ങേറും.

Continue Reading

News

ടി20 ലോകകപ്പിന് മുന്നേ ഇന്ത്യക്ക് ആശങ്ക; തിലക് വർമ്മയുടെ തിരിച്ചുവരവ് വൈകും

ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തിലക് വർമ്മയെ ഒഴിവാക്കിയതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

Published

on

ന്യൂഡൽഹി: ടി20 ലോകകപ്പിന് ഒരു മാസം മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ആശങ്കയായി യുവതാരം തിലക് വർമ്മയുടെ പരിക്ക്. കളിക്കിടെ പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായ താരത്തിന്റെ തിരിച്ചുവരവ് വൈകുമെന്ന സൂചനയാണ് ബിസിസിഐ നൽകുന്നത്. ന്യൂസിലൻഡിനെതിരായ ആദ്യ മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ നിന്ന് തിലക് വർമ്മയെ ഒഴിവാക്കിയതായി ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഫിറ്റ്‌നസ് വിലയിരുത്തലിന് ശേഷമേ പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾക്കുള്ള ടീമിലേക്ക് താരത്തെ പരിഗണിക്കൂവെന്ന് ബിസിസിഐ വ്യക്തമാക്കി. ടി20 ലോകകപ്പ് അടുത്തിരിക്കെ താരത്തിന് മതിയായ വിശ്രമവും പൂർണ്ണ സുഖപ്രാപ്തിയും നൽകാനാണ് ബോർഡിന്റെ തീരുമാനം.

അതേസമയം, കഴിഞ്ഞ ദിവസം ശസ്ത്രക്രിയ പൂർത്തിയാക്കിയ തിലക് വർമ്മ മൂന്ന് മുതൽ നാല് ദിവസത്തെ വിശ്രമത്തിന് ശേഷം പരിശീലനം ആരംഭിക്കാമെന്നായിരുന്നു ഹൈദരാബാദ് ക്രിക്കറ്റ് ടീം പരിശീലകൻ ഡി.ബി. രവി തേജയുടെ പ്രതികരണം. എന്നാൽ ലോകകപ്പ് മുന്നിൽ നിൽക്കുന്നതിനാൽ ഉടൻ കളത്തിലിറക്കാനുള്ള റിസ്ക് എടുക്കാനില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.

ശസ്ത്രക്രിയയ്ക്ക് പിന്നാലെ സുഖപ്രാപ്തിയുടെ പാതയിലാണെന്ന് തിലക് വർമ്മ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിട്ടുണ്ട്. ‘എല്ലാവരുടെയും സ്‌നേഹത്തിനും പിന്തുണക്കും നന്ദി. വേഗത്തിൽ കളത്തിലേക്ക് മടങ്ങിയെത്തും,’ എന്നാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചത്.

ഫെബ്രുവരി 7നാണ് ടി20 ലോകകപ്പിന് തുടക്കമാകുക. ശസ്ത്രക്രിയക്ക് ശേഷം താരത്തിന്റെ തിരിച്ചുവരവിന് മാസങ്ങളെടുക്കുമെന്ന തരത്തിലുള്ള വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. പകരക്കാരനായി ശ്രേയസ് അയ്യർ ടീമിലെത്തുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നുവെങ്കിലും, കിവീസിനെതിരായ ടി20 പരമ്പരയിൽ തിലക് വർമ്മയെ മാറ്റിനിർത്തിയതോടെ പകരം ആരെയാകും ഉൾപ്പെടുത്തുക എന്നതിൽ ബിസിസിഐ ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

പാകിസ്താനെതിരായ ഏഷ്യാകപ്പ് ഫൈനലിൽ ഇന്ത്യയുടെ വിജയശിൽപിയായ ഹൈദരാബാദ് സ്വദേശിയായ തിലക് വർമ്മ, നിലവിൽ മികച്ച ഫോമിലാണ്. ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ മോശം ഫോമിനെ തുടർന്ന് ഇന്ത്യൻ മധ്യനിരയിൽ ബാലൻസ് നിലനിർത്തുന്നതിലും 23കാരനായ താരത്തിന് നിർണായക പങ്കുണ്ട്. നിലവിൽ നടന്നുവരുന്ന വിജയ് ഹസാരെ ട്രോഫിയിൽ ഹൈദരാബാദിനായി കളത്തിലിറങ്ങിയ തിലക് വർമ്മ രണ്ട് മത്സരങ്ങളിൽ നിന്നായി ഒരു സെഞ്ചുറി ഉൾപ്പെടെ 143 റൺസും നേടിയിരുന്നു.

Continue Reading

Trending