ചെന്നൈ: ബിരുദം ലഭിക്കാന്‍ സര്‍വകലാശാല ഉദ്യോഗസ്ഥര്‍ക്ക് ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് നിര്‍ദേശിച്ച അധ്യാപക അറസ്റ്റില്‍. നാല് ബിരുദ വിദ്യാര്‍ത്ഥിനികളോട് ദേവേന്ദ്ര ആര്‍ട്‌സ് കോളേജിലെ പ്രൊഫസറായ നിര്‍മല ദേവി സംസാരിക്കുന്നതിന്റെ ഓഡിയോ വാട്ട്‌സാപ്പില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് പൊലീസ് വിശദമായ അന്വേഷണം തുടങ്ങി.

ബി.ജെ.പി പരിപാടികളിലെ സ്ഥിരം സാന്നിധ്യമാണ് ഇവര്‍ എന്നാണ് സൂചന. ഒരു ബി.ജെ.പി പരിപാടിയില്‍ നിര്‍മല ദേവി പങ്കെടുക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. സംസ്ഥാന ഗവര്‍ണറും ബി.ജെ.പി നേതാവുമായ ബന്‍വാരിലാല്‍ പുരോഹിതിന്റെ അടുപ്പക്കാരിയെന്ന് അറിയപ്പെടുന്ന നിര്‍മല ദേവി ഫോണില്‍ സംസാരിച്ചത് വിദ്യാര്‍ത്ഥിനികള്‍ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വഴങ്ങിക്കൊടുത്താല്‍ സാമ്പത്തിക ലാഭമുണ്ടാകുമെന്ന് അധ്യാപിക പറയുന്നതും ഓഡിയോയിലുണ്ട്.

‘സാമ്പത്തികമായും അക്കാദമികമായും നിങ്ങള്‍ക്ക് നല്ല നേട്ടമുണ്ടാകും. നിങ്ങളുടെ മാതാപിതാക്കളോട് പറയണോ വേണ്ടയോ എന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ പറയുകയാണെങ്കില്‍ നമുക്ക് അതിനനുസരിച്ച് പദ്ധതി തയ്യാറാക്കാം. ലഭിക്കുന്ന പണം നിക്ഷേപിക്കാന്‍ ഒരു അക്കൗണ്ട് തുടങ്ങാം.’ – നിര്‍മല ദേവി പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പ്രൊഫസറെ കോളേജ് സസ്‌പെന്റ് ചെയ്തിട്ടുണ്ട്. എന്നാല്‍, ലൈംഗികമായി വഴങ്ങിക്കൊടുക്കാന്‍ വിദ്യാര്‍ത്ഥിനികളോട് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് അധ്യാപിക പറയുന്നത്.

സംഭവത്തില്‍, യൂണിവേഴ്‌സിറ്റി ചാന്‍സ്‌ലര്‍ കൂടിയായ ഗവര്‍ണര്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. വിരമിച്ച ഒരു ഉദ്യോഗസ്ഥാന് അന്വേഷണ ചുമതല. എന്നാല്‍ കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ സി.ബി.ഐ അന്വേഷിക്കണമെന്നും വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറിയ അധ്യാപികയെ ഉചിതമായി ശിക്ഷിക്കണമെന്നും ഡി.എം.കെ തലവന്‍ എം.കെ സ്റ്റാലിന്‍ പറഞ്ഞു.