crime

വെറും തോര്‍ത്ത് മാത്രം എടുത്ത് ഓണ്‍ലൈന്‍ ക്ലാസ്, പെണ്‍കുട്ടികള്‍ക്ക് അശ്ലീലസന്ദേശം; അധ്യാപകനെതിരെ പരാതി

By Test User

May 24, 2021

ചെന്നൈ: നഗരത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപകനെതിരേ വിദ്യാര്‍ത്ഥികളുടെ പരാതി. അധ്യാപകനായ രാജഗോപാലനെതിരെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരിക്കുന്നത്.

അധ്യാപകന്‍ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതായും ലൈംഗികച്ചുവയോടെ സംസാരിക്കുന്നതായുമാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മാത്രമല്ല, ഓണ്‍ലൈന്‍ ക്ലാസില്‍ വെറും തോര്‍ത്ത് മാത്രം ഉടുത്താണ് അധ്യാപകന്‍ പങ്കെടുക്കാറുള്ളതെന്നും ഇവര്‍ ആരോപിക്കുന്നു. ഒട്ടേറെ വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരേ സാമൂഹികമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

സാമൂഹികമാധ്യമങ്ങളിലൂടെ അധ്യാപകന്‍ അശ്ലീലസന്ദേശങ്ങള്‍ അയക്കുന്നതായാണ് ചില വിദ്യാര്‍ത്ഥികളുടെ ആരോപണം. പെണ്‍കുട്ടികളോട് അവരുടെ ചിത്രങ്ങള്‍ അയച്ചു നല്‍കാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായും ചിലര്‍ പറയുന്നു. പെണ്‍കുട്ടികളുടെ ചിത്രങ്ങളെക്കുറിച്ച് ലൈംഗികച്ചുവയോടെ സംസാരിക്കുന്നതും പതിവാണ്. നിലവില്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് അധ്യാപകനെതിരേ ആദ്യം രംഗത്തെത്തിയത്. ഇതോടെ സ്‌കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളും ഇതേ അധ്യാപകനില്‍നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടിവന്ന ദുരനുഭവങ്ങളും സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

അധ്യാപകന്‍ പെണ്‍കുട്ടികളെ ഉപദ്രവിച്ചിരുന്നതായും മോശമായ രീതിയില്‍ സ്പര്‍ശിച്ചിരുന്നതായുമാണ് പൂര്‍വ്വവിദ്യാര്‍ത്ഥികളും പറയുന്നത്. പരാതിപ്പെട്ടാല്‍ ഗ്രേഡ് കുറയ്ക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും ഇവര്‍ ആരോപിക്കുന്നു.

വിഷയം സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ അന്വേഷണം ആരംഭിച്ചതായും ആവശ്യമായ നടപടി സ്വീകരിക്കുമെന്നും സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗീത ഗോവിന്ദരാജനും പി.എസ്.ബിബി. ഗ്രൂപ്പ് ഡയറക്ടര്‍ ഷീല രാജേന്ദ്രയും അറിയിച്ചു.