താമരശ്ശേരി ഷഹബാസ് കൊലപാതക കേസിലെ പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ചതിനെതിരെ വിദ്യാർഥി, യുവജന സംഘടനകളുടെ പ്രതിഷേധം. രാവിലെ വെള്ളിമാടുകുന്നിലെ ഒബ്സര്‍വേഷന്‍ ഹോം സ്ഥിതി ചെയ്യുന്ന ജെൻഡർ പാർക്കിന് മുമ്പിലാണ് കെ.എസ്.യു, എം.എസ്.എഫ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ.എസ്.യു ജില്ല പ്രസിഡന്റ് വി.ടി. സൂരജ്, സംസ്ഥാന കമ്മിറ്റിയംഗം അര്ജുന് പൂനത്ത്, ജില്ല ജനറല്‍ സെക്രട്ടറിമാരായ രാഹുല്‍ ചാലില്‍, മെബിന് പീറ്റര്‍, ഫിലിപ്പ് ജോണ്‍, ശേഷ ഗോപന്, നൂര്‍ നിഹാദ്, ജോര്‍ജ് കെ. ജോസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പ്രതിഷേധം കണക്കിലെടുത്ത് ജെൻഡർ പാർക്കിന് മുമ്പിൽ വൻ പൊലീസ് സന്നാഹമുണ്ട്. കൊലപാതക കേസിലെ പ്രതികളായ അഞ്ച് വിദ്യാർഥികളുടെ എസ്.എസ്.എൽ.സി പരീക്ഷ ഒബ്സര്‍വേഷന്‍ ഹോമിൽ നടത്തുമെന്നാണ് വിവരം.
താമരശ്ശേരിയിലെ ട്യൂഷൻ സെന്റർ വിദ്യാർഥികൾ തമ്മിലുണ്ടായ സംഘട്ടനത്തിലാണ് പത്താം ക്ലാസുകാരൻ എളേറ്റിൽ എം.ജെ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി മുഹമ്മദ് ഷഹബാസ് (15) കൊല്ലപ്പെട്ടത്. ഷഹബാസിനെ മർദിച്ച അഞ്ചു വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി. ജൂവനൈൽ ജസ്റ്റിസ് ബോർഡ് മുമ്പാകെ ഹാജരാക്കിയ വിദ്യാർഥികൾ വെള്ളിമാട്കുന്നിലെ ഒബ്സർവേഷൻ ഹോമിലാണ് കഴിയുന്നത്.
കട്ടിയേറിയ ആയുധം കൊണ്ടുള്ള അടിയിൽ ഷഹബാസിന്റെ തലയോട്ടി തകർന്നിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുള്ളത്. വലതു ചെവിക്ക് മുകളിലായാണ് തലയോട്ടിയിൽ പൊട്ടലുണ്ടായത്. നെഞ്ചക്ക് ആയിരിക്കാം ആക്രമിക്കാൻ ഉപയോഗിച്ചതെന്നാണ് പൊലീസ് നിഗമനം.
അതേസമയം, കേസിലെ പ്രധാന പ്രതിയുടെ പിതാവിന് ക്വട്ടേഷൻ ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടി.പി വധക്കേസ് പ്രതി ടി.കെ.രജീഷിനൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് പുറത്തായത്. ഇയാളുടെ വീട്ടിൽ നിന്നാണ് ഷഹബാസിനെ മർദിക്കാൻ ഉപയോഗിച്ചിരുന്ന നെഞ്ചക്കും പൊലീസ് കണ്ടെടുത്തത്. മകന്റെ കൈവശം നെഞ്ചക്ക് കൊടുത്തുവിട്ടത് ഇയാളാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
പിടിയിലായ മൂന്നുപേർ മുമ്പും സ്കൂളിൽ നടന്ന ആക്രമണ സംഭവങ്ങളില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പുറത്തു നിന്നുള്ളവരുടെ സഹായത്തോടെയായിരുന്നു ആക്രമണമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ ആരോപിച്ചിരുന്നു. രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് പ്രതികള്‍ രക്ഷപ്പെടുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.