Connect with us

kerala

സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നത്: വി.ഡി സതീശൻ

കർണാടക സർക്കാർ അയച്ച കത്തിന് മറുപടി നൽകാൻ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണ്

Published

on

തിരുവനന്തപുരം: വയനാട് പുനരധിവാസത്തിൽ അങ്ങേയറ്റം നിരുത്തരവാദപരമായ സമീപനമാണ് സംസ്ഥാന സർക്കാർ സ്വീകരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. 100 വീടുകൾ നിർമ്മിച്ചു നൽകാമെന്ന കർണാടക സർക്കാറിന്‍റെ വാഗ്ദാനത്തോട് ഒട്ടും ക്രിയാത്മകമായ പ്രതികരണമല്ല സംസ്ഥാന സർക്കാർ നടത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കർണാടക സർക്കാർ അയച്ച കത്തിന് മറുപടി നൽകാൻ പോലും കേരളം തയാറായില്ലെന്നത് ഗുരുതരമായ സാഹചര്യമാണ്. ചീഫ് സെക്രട്ടറി നടത്തിയ കത്തിടപാടിന് മറുപടി കിട്ടാത്തതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രി കേരള മുഖ്യമന്ത്രിക്ക് കത്ത് എഴുതേണ്ടി വന്നത് എത്രമാത്രം അപമാനകരമാണ്. സഹായം നൽകാതെ കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതിന് തുല്യമായ കുറ്റമാണ് സംസ്ഥാന സർക്കാരും ചെയ്യുന്നത്.

എത്ര ലാഘവത്തോടെയാണ് കേരള സർക്കാർ വയനാട് പുനരധിവാസത്തെ കാണുന്നത് എന്നതിന് ഇതിൽ കൂടുതൽ തെളിവ് വേണ്ട. വീടും സ്ഥലവും നഷ്ട്ടപ്പെട്ട ഒരു കൂട്ടം മനുഷ്യരുടെ വേദന സർക്കാർ അവഗണിക്കുന്നത് ഞെട്ടലുണ്ടാക്കുന്നു. ഒന്നുകിൽ വീടുകൾ നിർമിക്കുന്നതിന് ആവശ്യമായ സ്ഥലം എത്രയും വേഗം ഏറ്റെടുത്ത് നൽകുക. അല്ലെങ്കിൽ വീടുകൾ വാഗ്ദാനം ചെയ്തവർക്ക് സ്വന്തം നിലയിൽ സ്ഥലം വാങ്ങി വീട് നിർമിക്കുന്നതിന് അനുമതി നൽകുക.

സർക്കാറിന്‍റെ ഉദാസീനത പുനരധിവാസ പ്രവർത്തനങ്ങളെ പിറകോട്ട് വലിക്കുകയാണ്. പുനരധിവാസ പ്രവർത്തനങ്ങളിലെ സർക്കാർ നിഷ്ക്രിയത്വത്തിനെതിരെ ഡിസംബർ 17ന് ചേരുന്ന യു.ഡി.എഫ് യോഗം സമര പരിപാടികൾ തീരുമാനിക്കുമെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

kerala

മകനെ തിരിച്ചറിയാത്ത തരത്തിലേക്ക് രൂപംമാറ്റി; ആരോപണവുമായി യൂട്യൂബര്‍ മണവാളന്റെ കുടുംബം

ജയില്‍ അധികൃതര്‍ ബലം പ്രയോഗിച്ചാണ് മകന്റെ മുടി മുറിച്ചുമാറ്റിയതെന്നും ബന്ധുക്കള്‍ പറയുന്നു.

Published

on

മകനെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത തരത്തിലേക്ക് മുടിയും താടിയും മുറിച്ച് രൂപമാറ്റം വരുത്തിയെന്ന് യൂട്യൂബര്‍ മണവാളന്റെ (മുഹമ്മദ് ഷഹീന്‍ ഷാ) കുടുംബം. ജയിലിലെ പ്രതികളെ കൊണ്ട് മകനെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ പ്രതികള്‍ സ്വമേധയാ പിന്മാറിയെന്നും കുടുംബം ആരോപിച്ചു. ജയില്‍ അധികൃതര്‍ ബലം പ്രയോഗിച്ചാണ് മകന്റെ മുടി മുറിച്ചുമാറ്റിയതെന്നും ഒരാള്‍ കഴുത്തിനു കുത്തിപ്പിടിച്ചും രണ്ടുപേര്‍ ശരീരത്തില്‍ ബലമായും പിടിച്ച് മുടിയും താടിയും മുറിച്ചതെന്നും ബന്ധുക്കള്‍ പറയുന്നു.

അതേസമയം തനിക്ക് സിനിമയില്‍ അഭിനയിക്കാനുണ്ടെന്നും കല്യാണം കഴിക്കാനുണ്ടെന്നും അതിനാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കാന്‍ അവസരം നല്‍കണമെന്ന് മണവാളന്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ സമ്മതിച്ചില്ലെന്നും പറയുന്നു. ഷഹീന്‍ ഷായെ ജയിലില്‍ എത്തിച്ച ദിവസം തന്നെ മുടി വെട്ടാന്‍ ആളെ കൊണ്ടുവന്നെങ്കിലും അയാള്‍ സ്വയം പിന്‍വാങ്ങി.

എന്നാല്‍ അടുത്തദിവസം സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം എത്തി മുടിയും താടിയും മുറിച്ചുമാറ്റുകയായിരുന്നു. അതേസമയം ഡ്രിമ്മര്‍ തെറ്റിക്കയറിയതാണ് രൂപം തന്നെ മാറാന്‍ ഇടയാക്കാന്‍ കാരണമെന്ന വിചിത്രവാദമാണ് ജയില്‍ ഉദ്യോഗസ്ഥരുടെതെന്ന് കുടുംബം ആരോപിച്ചു.

ഭ്രാന്തനായി ചിത്രീകരിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെ പൊലീസ് മകനെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചുവെന്നും കുടുംബം ആരോപിക്കുന്നു.

 

Continue Reading

kerala

‘കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ’; പഞ്ചാരക്കൊല്ലിയില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം

വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു

Published

on

കടുവയുടെ ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരുമായി തര്‍ക്കം. വന്യമൃഗങ്ങളുടെ ആക്രമണം വര്‍ധിക്കുമ്പോള്‍ വനംവകുപ്പ് പ്രദേശ വാസികള്‍ക്ക് വ്യക്തമായ മുന്നറിയിപ്പോ നിര്‍ദ്ദേശങ്ങളൊ നല്‍കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. കടുവയെ കൊല്ലാനാകില്ലെങ്കില്‍ ഞങ്ങളെ വെടിവെച്ചോളൂ എന്ന് നാട്ടുകാര്‍ വനംവകുപ്പിനോട് ആവശ്യപ്പെട്ടു. വനംവകുപ്പ് ചീഫ് വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ എന്തുകൊണ്ട് സ്ഥലത്ത് എത്തിയില്ലെന്നും നാട്ടുകാര്‍ ഉദ്യോഗസ്ഥരോട് ചോദിച്ചു.

‘കടുവയെ നേരില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് കൊല്ലാനാകുമോ, കടുവയെ കണ്ടുപിടിക്കാനാകുമോ, എന്തുകൊണ്ടാണ് ബോധവല്‍ക്കരണം നടത്താത്തത്, എന്തുകൊണ്ട് ഇവിടുത്തെ പഞ്ചായത്തും മുനിസിപ്പാലിറ്റിയുമായി നിങ്ങള്‍ ബന്ധപ്പെടുന്നില്ല, കടുവയെ കൊലപ്പെടുത്താന്‍ നിങ്ങള്‍ക്ക് ലഭിച്ച ഉത്തരവില്‍ ഞങ്ങള്‍ക്ക് വ്യക്തത വേണം. ജനങ്ങളുടെ ആശങ്കകള്‍ക്ക് മറുപടി വേണം. കടുവയെ കൊല്ലാനാകില്ലെങ്കില്‍ തങ്ങളെ വെടിവെച്ച് കൊല്ലണമെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു.

ബോധവല്‍ക്കരണം നടത്തുന്നതുമായി സംബന്ധിച്ച് തങ്ങള്‍ക്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നുവെന്നും വനവിഭവ ശേഖരണം നടത്തുന്നവരില്‍ തങ്ങള്‍ ബോധവല്‍ക്കരണം നടത്തിയിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരോട് പറഞ്ഞു. കടുവയെ കണ്ടെത്താനും വെടിവെക്കാനുമാണ് ഉത്തരവ് ലഭിച്ചത് കടുവ കൂട്ടില്‍ കയറിയാല്‍ വെടിവെയ്ക്കാനാകില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കടുവയെ പിടികൂടി കൊല്ലുന്നതുവരെ തങ്ങള്‍ പിന്‍മാറില്ലെന്ന് പ്രതിഷേധക്കാര്‍ കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല; 60,000ന് മുകളില്‍ തന്നെ തുടരുന്നു

ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. സര്‍വ്വകാല റെക്കോര്‍ഡായ 60,000ന് മുകളില്‍ തന്നെ തുടരുന്നു. ഇന്ന് 60,440 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. 7555 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

2024 ഒക്ടോബര്‍ 31ന് രേഖപ്പെടുത്തിയ 59,640 രൂപയായിരുന്നു റെക്കോര്‍ഡ് സ്വര്‍ണ്ണവില. എന്നാല്‍ ഈ റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ ദിവസം ആദ്യമായി സ്വര്‍ണവില 60,000 കടന്നത്.

ബുധനാഴ്ച 600 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില 60,000 കടന്ന് റെക്കോര്‍ഡ് തിരുത്തുകയായിരുന്നു. ഇന്നലെ വീണ്ടും വില വര്‍ധിച്ച് മുന്നേറുന്നതാണ് കണ്ടത്. ഇന്നലെ പവന് 240 രൂപയാണ് വര്‍ധിച്ചത്. അതേസമയം ഇന്ന് സ്വര്‍ണ്ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു.

ജനുവരി തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണ്ണത്തിന്റെ വില. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരമായി കണക്കാക്കുന്നതും ഇതുതന്നെയാണ്.

മൂന്നാഴ്ച കൊണ്ട് 3200 രൂപയാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഘപ്പെടുത്തിയത്. ആഗോള വിപണിയിലെ ചലനങ്ങളും ഡോളര്‍ ശക്തിയാര്‍ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളുമാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

 

Continue Reading

Trending