തളിപ്പറമ്പ്: കുറേക്കാലം നാട്ടുകാരുടെ ഉറക്കം കെടുത്തിയ കള്ളന്‍ കഴിഞ്ഞ ദിവസം കാണിച്ച സന്മനസ്സ് സിനിമയെ പോലും വെല്ലും. മോഷ്ടിച്ച തൊണ്ടിമുതലുകളും മാപ്പപേക്ഷയുമാണ് മോഷണം പരാതി നല്‍കിയ വാര്‍ഡ് മെമ്പറുടെ വീട്ടുവരാന്തയില്‍ വെച്ച് മുങ്ങിയത്.

കണ്ണൂര്‍ പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിരവധി മോഷ നടത്തിയ കള്ളനാണ് തൊണ്ടിമുതലും മാപ്പപേക്ഷയും തിരുവട്ടൂര്‍ വാര്‍ഡ് മെമ്പര്‍ അഷ്‌റഫ് കൊട്ടോലടെ അരിപ്പാമ്പ്രയിലെ വീട്ടുവരാന്തയില്‍ കൊണ്ടുവെച്ചത്. താന്‍ മോഷണം നടത്തിയ വീടുകളിലുള്ളവരുടെ പേരുകളും മോഷണ മുതലിന്റെ മുല്യവും മാപ്പപേക്ഷയുമാണ് കത്തിലുള്ളത്. 1,91,500 രൂപയും 4.5 പവന്‍ സ്വര്‍ണാഭരണങ്ങളും 630 ഗ്രാം സ്വര്‍ണ തരികളും മൂന്ന് കവറുകളിലാക്കിയാണ് വരാന്തയില്‍ വെച്ചത്.

കൊറോണ കാലത്ത് പറ്റിയ തെറ്റിന് മാപ്പ് ചോദിക്കുന്നു.ഞങ്ങള്‍ ഏഴുപേരും പ്രയാസത്തിലാണ് ഞങ്ങള്‍ക്ക് ഉംറ നിര്‍വ്വഹിക്കണം ബുദ്ധിമുട്ടിച്ചതില്‍ ഖേദിക്കുന്നു ഇതാണ് കത്തിലെ ഉള്ളടക്കം. കത്തില്‍ പേരുള്ളവര്‍ക്ക് ഇവ തിരിച്ചു നല്‍കണമെന്നും പറയുന്നുണ്ട്. ഒന്നരവര്‍ഷമായി സമീപ പ്രദേശങ്ങളില്‍ വ്യാപകമായി മോഷണം നടന്നിരുന്നു. കള്ളനെ കൊണ്ട് നാട്ടുകാര്‍ സാഹി കേട്ടതോടെ വാര്‍ഡ് മെമ്പറും പരിയാരം പഞ്ചായത്ത് യുഡിഎഫ് ചെയര്‍മാനുമായ അഷ്‌റഫും ചേര്‍ന്ന് പരിയാരം പോലീസില്‍ ഏതാനും മാസം മുന്‍പ് പരാതി നല്‍കിയിരുന്നു. പോലീസ് അന്വേഷണം നടത്തിയെങ്കിലും കള്ളനെ പിടികൂടാനായില്ല.

അടുത്തിടെ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കുന്നതിനിടെയാണ് കൗതുകകരമായ സംഭവം. പ്രദേശത്തെ ചന്ദ്രിക ഏജന്റ് ആയ അഷ്‌റഫ് തലേന്നുരാത്രി തളിപ്പറമ്പിലെ ഭാര്യ വീട്ടില്‍ ആയിരുന്നു. പത്ര വിതരണത്തിനായി വീട്ടിലെത്തിയപ്പോഴാണ് തൊണ്ടിമുതലും മാപ്പപേക്ഷയും അടങ്ങിയ കവറുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടനെ പരിയാരം ഇന്‍സ്‌പെക്ടര്‍ കെവി ബാബുവിനെ വിവരമറിയിച്ചു.തുടര്‍ന്ന് തൊണ്ടിമുതലുകളും കത്തും പോലീസിലേല്‍പ്പിച്ചു. സംഭവം അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കത്ത് അന്വേഷണം വഴിതെറ്റിക്കാനുള്ള കുതന്ത്രം ആയാണ് പോലീസ് കരുതുന്നത്. ഇന്നലെ വൈകിട്ടോടെ തളിപ്പറമ്പ് കോടതിയില്‍ തൊണ്ടി മുതലുകള്‍ ഏല്‍പ്പിച്ചു.