ലഖ്‌നൗ: ഉത്തര്‍പ്രദേശിലും ബീഹാറിലും ബി.ജെ.പി തുടച്ചുനീക്കപ്പെടുമെന്ന് ആര്‍.ജെ.ഡി നേതാവ് തേജസ്വി യാദവ്. അംബേദ്കറുടെ ഭരണഘടന പൊളിച്ചെഴുതി നാഗ്പൂര്‍ നിയമം നടപ്പാക്കാനുള്ള ശ്രമമാണ് രാജ്യത്ത് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.എസ്.പി-എസ്.പി സഖ്യത്തിന് പിന്നാലെ മായാവതിയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു തേജസ്വിയുടെ പ്രതികരണം.

മായാവതിയുടേയും അഖിലേഷിന്റെയും തീരുമാനം ജനം സ്വീകരിച്ചു കഴിഞ്ഞു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് ഒരു സീറ്റ് പോലും ലഭിക്കില്ല. ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ബീഹാര്‍ മോഡലില്‍ പ്രാദേശിക പാര്‍ട്ടികളുടെ സഖ്യം വേണമെന്ന് തന്റെ പിതാവ് ലാലു പ്രസാദ് യാദവ് പറയാറുണ്ടായിരുന്നു. അതാണ് അപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു.