X

ജോഷിമഠില്‍ ശക്തമായ മഴപെയ്യാനുള്ള സാധ്യതയെന്ന്

ഉത്തരാഖണ്ഡില്‍ ഭൗമപ്രതിസന്ധിയുടെ ഭീതി നിലനില്‍ക്കുന്ന ജോഷിമഠില്‍ ശക്തമായ മഴപെയ്യാനുള്ള സാധ്യതകളുണ്ടെന്ന് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ ആളുകളെ ഒഴിപ്പിക്കുന്നത് സര്‍ക്കാര്‍ വേഗത്തിലാക്കി.

അതേസമയം ജോഷിമഠില്‍ അപകടാവസ്ഥയിലുള്ള ഹോട്ടലുകളും കെട്ടിടങ്ങളും ഒരാഴ്ചക്കുള്ളില്‍ പൊളിക്കുമെന്ന് അധികൃതര്‍. വീട് നഷ്ടപ്പെട്ട ഓരോ കുടുംബത്തിനും 1.5 ലക്ഷം രൂപ നഷ്ടപരിഹാരമായി ഉടന്‍ നല്‍കുമെന്ന് മുതിര്‍ന്ന ഓഫീസര്‍ ഹിമാന്‍ഷു ഖുറാന പറഞ്ഞു.മാറിത്താമസിക്കുന്നതടക്കം അടിയന്തരാവശ്യങ്ങള്‍ക്ക് ആദ്യഘട്ടത്തില്‍ അമ്പതിനായിരം രൂപ അനുവദിക്കും. തങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടില്ലെന്നും നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ കെട്ടിടം പൊളിക്കുന്നത് തടഞ്ഞിരുന്നു. ഇന്നലെ ജില്ലാ ഭരണകൂടം നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയിലാണ് നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമായത്. ഇപ്പോള്‍ ഹോട്ടലുകള്‍ പൊളിക്കുന്നില്ല. എന്നാല്‍ ഒരാഴ്ചക്കുള്ളില്‍ ഹോട്ടലുകള്‍ പൊളിക്കും. ഹോട്ടല്‍ ഉടമകളുമായി ചര്‍ച്ച നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി.

സംസ്ഥാനത്ത് വര്‍ഷങ്ങളായി നടക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളും ആസൂത്രിതമല്ലാത്ത അടിസ്ഥാന സൗകര്യ വികസനവും കാരണം മലയോര നഗരത്തിലെ 731 വീടുകളിലാണ് വിള്ളലുകള്‍ ഉണ്ടായത്. ഇതോടെ അപകടാവസ്ഥയിലുള്ള കെട്ടിടങ്ങള്‍ പൊളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. 131 കുടുംബങ്ങളെയാണ് ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപാര്‍പ്പിച്ചത്. വാസയോ ഗ്യമല്ലാതായ 86 വീടുകളാണുള്ളത്.

സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നും ഹോട്ടലുകള്‍ പൊളിക്കുന്നത് സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മേല്‍നോട്ടത്തിലായിരിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സംസ്ഥാനത്തെ മറ്റ് പ്രദേശങ്ങളിലും കെട്ടിടങ്ങളില്‍ വിള്ളല്‍ വീഴുന്നതായി കണ്ടെത്തിയിട്ടുണ്ട്. കര്‍ണപ്രയാഗിലും തെഹ്‌രിജില്ലയിലെ ചമ്പയിലുമാണ് വിള്ളല്‍ കണ്ടത്. തെഹ്‌രി തടാകത്തിന് സമീപത്തുള്ള ഗ്രാമത്തിലാണ് മണ്ണിടിച്ചിലും കെട്ടിടങ്ങളില്‍ വിള്ളലുകളു മുണ്ടായത്.

ചമ്പ തുരങ്കത്തിന് സമീപത്തും മുകളിലുമായുള്ള വീടുകളുടെ ചുമരുകളിലാണ് വിള്ളലുകള്‍ രൂപപ്പെട്ടത്. ഇവിടെ ആറോളം വീടുകള്‍ അപകട ഭീതിയിലാണ്. ചമ്പയിലെ 440 മീറ്റര്‍ ദൈര്‍ഘ്യമുള്ള ടണലിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷമാണ് പ്രദേശത്തെ വീടുകളില്‍ വിള്ളലുകള്‍ കണ്ടുതുടങ്ങിയതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. സ്മാര്‍ട് സിറ്റി സ്‌കീമിന്റെ ഭാഗമായി നിര്‍മിച്ച പൈപ്പ് ലൈന്‍ ചോര്‍ച്ചയും വിള്ളലിന് കാരണമായി.

 

 

webdesk11: